യൂറോപ്പിലെ ചെക്ക് റിപ്പബ്ലിക്കിൽ കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിയർ ലഭിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ ബിയർ ഉപയോഗിക്കുന്ന ഈ രാജ്യത്ത്, ബിയർ ഒരു സാംസ്കാരിക പാനീയമായതിനാലാണ് ഈ വിലക്കുറവ്. പ്രാദേശിക ഉത്പാദനവും ഉപഭോഗവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ... ദാഹിച്ചുവലഞ്ഞ് ഒരു പബ്ബിലേക്ക് കയറുമ്പോള്‍ അവിടെ ഒരു ഗ്ലാസ് ഫ്രെഷ് ബിയറിന് ഒരു കുപ്പിവെള്ളത്തേക്കാള്‍ വിലക്കുറവാണെങ്കിലോ? കേള്‍ക്കുമ്പോള്‍ ഇതൊരു കെട്ടുകഥയാണെന്ന് തോന്നാമെങ്കിലും, യൂറോപ്പിലെ ചെക്ക് റിപ്പബ്ലിക്കില്‍ ഇതൊരു യാഥാര്‍ഥ്യമാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ പബ്ബുകളില്‍ വരെ കുപ്പിവെള്ളത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ബിയര്‍ ലഭിക്കും. യൂറോപ്പിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണിത്.
എന്തുകൊണ്ട് ബിയറിന് ഇത്രയും വിലക്കുറവ്?
ലോകത്തിന്റെ 'ബിയര്‍ തലസ്ഥാനം' എന്നാണ് ചെക്ക് റിപ്പബ്ലിക് അറിയപ്പെടുന്നത്. ലോകത്തില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ ബിയര്‍ കുടിക്കുന്നത് ഈ രാജ്യത്താണ്. ഇവിടുത്തുകാര്‍ക്ക് ബിയര്‍ എന്നത് വെറുമൊരു പാനീയമല്ല; അവരുടെ ദൈനംദിന ജീവിതത്തിന്റെയും സാമൂഹിക സംസ്‌കാരത്തിന്റെയും രാജ്യത്തിന്റെ തന്നെയും ഭാഗമാണത്. 1842-ല്‍ പ്ലെസന്‍ നഗരത്തില്‍ നിന്നാണ് ലോകപ്രശസ്തമായ പില്‍സ്‌നര്‍ ബിയര്‍ ഉത്ഭവിച്ചത്. ബിയര്‍ വന്‍തോതില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ട്, മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ഇതിന് വില വളരെ കുറവാണ്.
വില കേട്ടാല്‍ ഞെട്ടും!
പ്രേഗ് പോലെയുള്ള നഗരങ്ങളില്‍ എവിടെയാണ് നിങ്ങള്‍ ബിയര്‍ കുടിക്കുന്നത് എന്നതിനെ ആശ്രയിച്ച് വിലയില്‍ വ്യത്യാസമുണ്ടാകാം. എന്നാലും ആഗോള ശരാശരി വെച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. ഒരു നാട്ടിന്‍പുറത്തെ പബ്ബില്‍ നിന്ന് 0.5 ലിറ്റര്‍ ഡ്രാഫ്റ്റ് ബിയര്‍ കുടിക്കാന്‍ സാധാരണയായി 50 മുതല്‍ 60 ചെക്ക് കൊരുണ വരെയാണ് വില ( ഇന്ത്യൻ നിരക്കിൽ കൂട്ടുമ്പോൾ ഏകദേശം 200 മുതല്‍ 274 രൂപ വരെ). സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു കുപ്പി ബിയറിന് 11 മുതല്‍ 20 ചെക്ക് കൊരുണ വരെ മാത്രമേ വിലയുള്ളൂ. ( 44 രൂപ മുതല്‍ 80 രൂപ വരെ). അതേസമയം, 0.33 ലിറ്ററിന്റെ ഒരു കുപ്പി വെള്ളത്തിന് ഏകദേശം 30 ചെക്ക് കൊരുണ (137 രൂപ) കൊടുക്കണം. പല സ്ഥലങ്ങളിലും ഇത് ബിയറിനേക്കാള്‍ കൂടിയ വിലയാണ്. ചില പബ്ബുകളില്‍ ബിയറിനും വെള്ളത്തിനും ഒരേ വിലയോ അല്ലെങ്കില്‍ വെള്ളത്തേക്കാള്‍ അല്പം കുറഞ്ഞ വിലയ്ക്ക് ബിയറോ ലഭിക്കും. ആദ്യമായി ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ഇത് വല്ലാതെ അമ്പരപ്പിക്കാറുണ്ട്.
ബിയറില്‍ അധിഷ്ഠിതമായ സംസ്‌കാരം
വിലക്കുറവ് മാത്രമല്ല, ബിയര്‍ കുടിക്കുന്നതിലെ ഇവരുടെ സംസ്‌കാരവും ചെക്ക് റിപ്പബ്ലിക്കിനെ വ്യത്യസ്തമാക്കുന്നു. 'ഹോസ്‌പോഡി' എന്നറിയപ്പെടുന്ന പരമ്പരാഗത പബ്ബുകള്‍ ഇവിടുത്തുകാരുടെ പ്രധാന ഒത്തുചേരല്‍ കേന്ദ്രങ്ങളാണ്. നമ്മള്‍ നാട്ടില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് പോലെയാണ് ഇവര്‍ക്ക് ബിയര്‍. ഈ സാംസ്‌കാരിക പശ്ചാത്തലമാണ് ബിയറിന് ഇത്രയും വിലക്കുറവുണ്ടാകാനുള്ള പ്രധാന കാരണം. ബിയറിനെ ഒരു ആഡംബര പാനീയമായല്ല, മറിച്ച് ദൈനംദിന പാനീയമായാണ് ഇവിടുത്തുകാര്‍ കാണുന്നത്.


