ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: 1,00,000 ടൺ ബസ്മതി അരി ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു, കയറ്റുമതി പ്രതിസന്ധിയില്‍

Published : Jun 23, 2025, 05:43 PM IST
basmati rice

Synopsis

ഏകദേശം ഒരു ലക്ഷം ടണ്‍ ബസ്മതി അരി ഇറാനിലേക്ക് അയക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്

സ്രയേല്‍-ഇറാന്‍ സംഘര്‍ഷം ഇന്ത്യന്‍ ബസ്മതി അരി കയറ്റുമതിയെ ഗുരുതരമായി ബാധിക്കുന്നു. ഏകദേശം ഒരു ലക്ഷം ടണ്‍ ബസ്മതി അരി ഇറാനിലേക്ക് അയക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയുടെ ബസ്മതി അരിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇറാന്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 10 ലക്ഷം ടണ്‍ ബസ്മതി അരിയാണ് ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്തത്. കുടുങ്ങിക്കിടക്കുന്ന ഈ അരി ഇറാനിലേക്കുള്ള മൊത്തം ബസ്മതി കയറ്റുമതിയുടെ 18-20 ശതമാനം വരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ഗുജറാത്തിലെ കാണ്ട്ല, മുന്ദ്ര തുറമുഖങ്ങളിലാണ് അരി കൂടുതലായി കെട്ടിക്കിടക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കാരണം ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതവും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സാധാരണ ഷിപ്പിംഗ് ഇന്‍ഷുറന്‍സ് പോളിസികള്‍ പരിരക്ഷ നല്‍കാത്തതിനാലാണ് കയറ്റുമതിക്കാര്‍ക്ക് സാധനങ്ങള്‍ അയക്കാന്‍ കഴിയാത്തത്. ഇറാനുമായുള്ള വ്യാപാരത്തില്‍ നിലവിലുള്ള പണമിടപാടിനുള്ള കാലതാമസങ്ങളും കറന്‍സിയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും കൂടാതെ, ഷിപ്പിംഗ് തടസ്സങ്ങളും ഇന്ത്യന്‍ അരി കയറ്റുമതിക്കാര്‍ക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിനിടെ ആഭ്യന്തര വിപണിയില്‍ ബസ്മതി അരിയുടെ വില കിലോയ്ക്ക് 4-5 രൂപ കുറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ ബസ്മതി അരി കയറ്റുമതി ഏകദേശം 60 ലക്ഷം ടണ്ണായിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇതിന് പ്രധാനമായും ആവശ്യക്കാര്‍. ഇറാഖ്, യുഎഇ, അമേരിക്ക എന്നിവയാണ് മറ്റ് പ്രധാന ഇറക്കുമതിക്കാര്‍.

രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുന്ന ബസ്മതി അരിയുടെ 25 ഇറാനിലേക്കും 20 ശതമാനം ഇറാഖിലേക്കുമാണ്. ഈ രണ്ട് രാജ്യങ്ങളിലേക്കും മാത്രം പ്രതിവര്‍ഷം 16,000 കോടി രൂപയുടെ ബസ്മതി അരിയാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024-25 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതി 1.91 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു, ഇതില്‍ 19% കയറ്റുമതിയും ഇറാനിലേക്കായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്ന് 5.24 മെട്രിക് ടണ്‍ ബസ്മതി അരിയാണ് കയറ്റി അയച്ചത്. ഇതില്‍ ഇറാനിലേക്കുള്ള കയറ്റുമതി 0.67 മെട്രിക് ടണ്‍ ആയിരുന്നു. ആകെ കയറ്റുമതിയുടെ 13% വരുമിത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ, ആഗോള അരി വിപണിയുടെ 35% മുതല്‍ 40% വരെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം