
ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ സംഗീതമഴ പെയ്യിക്കാൻ സംഗീത രാജാക്കന്മാർ എത്തുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ പതിനേഴോളം കലാകാരന്മാരാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ എത്തുന്നത്. ടിക്കറ്റുകൾ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ബോളിവുഡ് താരഗായകൻ അർമാൻ മാലിക് നാളെ കൊച്ചിയിലെത്തും. അർമാൻ ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഇന്ത്യയുടെ പോപ് സെൻസേഷനായ അർമാന് മലയാളികൾക്കിടയിൽ വലിയ തോതിൽ ആരാധകരുണ്ട്. ഞായറാഴ്ച രാത്രി എട്ട് മണി മുതൽ കൊച്ചിക്കാർക്ക് അർമാൻ മാലിക് ഷോ ആസ്വദിക്കാം. വൈകീട്ട് ആറ് മണിക്ക് പ്രമുഖ മ്യുസീഷ്യനായ മുബാസ് എന്ന മുഹമ്മദ് മുബാസിന്റെ സംഗീത പരിപാടിക്കും മേള സാക്ഷിയാകും.
ജനുവരി 27 ന് താളാത്മകമായ കഥപറച്ചിലുമായെത്തുന്ന 43 മൈൽസ്, കർണാട്ടിക് മ്യൂസിക് തരംഗവുമായി 'അഗം' എന്നീ ബാൻഡുകൾ വേദിയിലെത്തും. വൈകുന്നേരം 6.30 നും രാത്രി എട്ട് മണിക്കുമാണ് സംഗീത സന്ധ്യ നടക്കുക. ജനുവരി 28 മറ്റഡോറിയ മ്യൂസിക് ബാൻഡ്, ഫ്‌ലോക്, റോക്ക് മ്യൂസിക് ഫ്യൂഷനുമായി മസാല കോഫി എന്നിവരും പ്രേക്ഷകർക്ക് മുൻപിലെത്തും.
29 വൈകീട്ട് 6.30ന് ഡിജെ പാർട്ടിയുമായി ഡിജെ നോയ്‌സ്, രാത്രി 8 മണിക്ക് ഇലക്ട്രോണിക് മ്യൂസിക് തരംഗവുമായി ലെ ട്വിൻസും ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. 31ന് മൂന്ന് ഷോകളാണുള്ളത്. സ്ട്രീറ്റ് അക്കാദമിക്‌സ്, എംസി കൂപ്പർ, റിബിൻ റിച്ചാർഡ് തുടങ്ങിയവരുടെ സംഗീത പരിപാടിക്കും സമ്മിറ്റ് ഓഫ് ഫ്യൂച്ചർ സാക്ഷ്യം വഹിക്കും.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപന ദിനം സൺബേൺ ക്യാമ്പസിന്റെ ഭാഗമായി ഡിജെ ജെയിംസ്, ഡി ജെ അറെസ്, ഡിജെ സെഫർടോൺ, തുംഗ് വാഗ് എന്നിവർ വേദിയിലെത്തും.