സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്

അതിര്‍ത്തിയിലെ മഞ്ഞുരുകലിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നു. സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊള്ളും.

വിലക്ക് നീങ്ങുന്നത് അഞ്ചു വര്‍ഷത്തിന് ശേഷം

2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കണമെങ്കില്‍ പ്രത്യേക കമ്മിറ്റിയുടെ രജിസ്ട്രേഷനും രാഷ്ട്രീയ-സുരക്ഷാ അനുമതികളും നിര്‍ബന്ധമായിരുന്നു. ഇത് പ്രായോഗികമായി ചൈനീസ് കമ്പനികളെ ഇന്ത്യന്‍ വിപണിക്ക് പുറത്താക്കി. ഏകദേശം 750 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ കരാറുകളാണ് ഇതുവഴി ചൈനയ്ക്ക് നഷ്ടമായത്.

കാരണം പദ്ധതികളിലെ കാലതാമസം

ചൈനീസ് കമ്പനികളെ മാറ്റിനിര്‍ത്തിയത് പല പ്രധാന സര്‍ക്കാര്‍ പദ്ധതികളെയും ദോഷകരമായി ബാധിച്ചുവെന്ന് വിവിധ മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടി.

വൈദ്യുതി മേഖല: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ താപവൈദ്യുതി ഉത്പാദനം 307 ജിഗാവാട്ടായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ക്ക് ചൈനയെ ആശ്രയിക്കാത്തത് പദ്ധതികള്‍ വൈകാന്‍ കാരണമായി.

റെയില്‍വേ: വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ നിര്‍മ്മാണ കരാറുകളില്‍ നിന്നും മുന്‍പ് ചൈനീസ് കമ്പനികളെ ഒഴിവാക്കിയിരുന്നു.

നിയന്ത്രണങ്ങള്‍ കാരണം അസംസ്‌കൃത വസ്തുക്കളുടെയും യന്ത്രങ്ങളുടെയും ക്ഷാമം നേരിടുന്നതിനാല്‍ പല വകുപ്പുകളും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ട്രംപ് ഘടകവും മാറുന്ന നയതന്ത്രവും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും അമേരിക്ക-പാക്കിസ്ഥാന്‍ അടുപ്പവും ചൈനയുമായുള്ള വാണിജ്യ ബന്ധം പുതുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചൈനീസ് വിദഗ്ധര്‍ക്ക് വിസ നല്‍കുന്നതിലെ നൂലാമാലകള്‍ കുറയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും, ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയേക്കില്ല. അതീവ ജാഗ്രതയോടെ പടിപടിയായി ബന്ധം മെച്ചപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം.