കപ്പൽ യാത്രക്കിടെ കണ്ടെത്തിയ ദ്വീപ്; അല്‍ബേനിയയില്‍ വന്‍ ആഡംബര റിസോര്‍ട്ട് ഉയരും, പദ്ധതിയുമായി ഇവാന്‍ക ട്രംപും ഭര്‍ത്താവും

Published : Jun 03, 2026, 02:24 PM IST
Ivanka Trump, Jared Kushnar

Synopsis

ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും ഭര്‍ത്താവ് ജാരെഡ് കുഷ്‌നറും ചേര്‍ന്ന് സാസന്‍ ദ്വീപില്‍ ഒരു ആഡംബര ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പരിസ്ഥിതി സംഘടനകള്‍ ഇതിന്റെ ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും ഭര്‍ത്താവ് ജാരെഡ് കുഷ്‌നറും ചേര്‍ന്ന് മെഡിറ്ററേനിയന്‍ കടലിലെ ഒരു ദ്വീപില്‍ വന്‍കിട ആഡംബര ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. യൂറോപ്പിലെ വികസനം അധികമെത്താത്ത തീരപ്രദേശങ്ങളിലൊന്നായ അല്‍ബേനിയയിലാണ് ഈ ഭീമന്‍ റിസോര്‍ട്ട് പ്രോജക്റ്റ് വരുന്നത്. കടലില്‍ നീന്താന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇവാന്‍കയും ഭര്‍ത്താവും ഈ ദ്വീപ് കണ്ടെത്തിയത് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം.

ഭര്‍ത്താവ് ജാരെഡ് കുഷ്‌നറുമൊത്ത് മെഡിറ്ററേനിയന്‍ കടലില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഇവാന്‍ക ഈ വലിയ ദ്വീപ് കാണുന്നത്. പതിറ്റാണ്ടുകളായി ജനവാസമില്ലാതെ, പുറംലോകവുമായി അധികം ബന്ധമില്ലാതെ കിടന്ന ഈ പ്രദേശമാണ് ഇപ്പോള്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ഏറ്റവും വലിയ ആഡംബര ടൂറിസം പദ്ധതികളിലൊന്നിന് വേദിയാകുന്നത്. അഡ്രിയാറ്റിക്, അയോണിയന്‍ കടലുകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന 'സാസന്‍ ദ്വീപ്' എന്ന പഴയ സൈനിക താവളമാണ് ഇവാന്‍കയും സംഘവും ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. അല്‍ബേനിയന്‍ സര്‍ക്കാരിന്റെ അനുമതിയോടെ തയ്യാറാക്കിയിരിക്കുന്ന വികസന പദ്ധതിയില്‍ ആഡംബര ഹോട്ടലുകളും സ്വകാര്യ വില്ലകളും, ബോട്ടുകളും കപ്പലുകളും അടുപ്പിക്കാനുള്ള മറീനയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുന്നു.

ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, അല്‍ബേനിയയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളില്‍ ഒന്നാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന്റെ നിര്‍മ്മാണ ഘട്ടത്തിലും പ്രവര്‍ത്തന ഘട്ടത്തിലുമായി ആയിരത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

എന്തുകൊണ്ട് സാസന്‍ ദ്വീപ് വ്യത്യസ്തമാകുന്നു?

മറ്റ് മെഡിറ്ററേനിയന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പോലെ വികസനത്തിന്റെ അമിത കടന്നുകയറ്റം ഇല്ലാത്ത ഒരിടമാണ് സാസന്‍ ദ്വീപ്. പതിറ്റാണ്ടുകളായി ഇതൊരു സൈനിക താവളമായിരുന്നതിനാലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാലും ഇവിടുത്തെ തീരപ്രദേശങ്ങള്‍ പ്രകൃതിദത്തമായിത്തന്നെ നിലനില്‍ക്കുന്നു. കുത്തനെയുള്ള മലയിടുക്കുകള്‍, മനോഹരമായ ചെറുതീരങ്ങള്‍, പഴയ സൈനിക തുരങ്കങ്ങള്‍, ബങ്കറുകള്‍, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയോടൊപ്പം അപൂര്‍വ്വമായ ജൈവവൈവിധ്യവും ഈ ദ്വീപിന്റെ പ്രത്യേകതയാണ്.

അവസരങ്ങളും ഒപ്പം പരിസ്ഥിതി ആശങ്കകളും

പണക്കാരായ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനും രാജ്യത്തെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പേകാനും ഈ പദ്ധതി സഹായിക്കുമെന്നാണ് അല്‍ബേനിയന്‍ അധികൃതര്‍ കരുതുന്നത്. മനോഹരമായ നീല ജലാശയവും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും കാരണം സമീപകാലത്തായി അല്‍ബേനിയ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവാന്‍കയുടെ കമ്പനിക്ക് അല്‍ബേനിയന്‍ സര്‍ക്കാര്‍ 'സ്ട്രാറ്റജിക് ഇന്‍വെസ്റ്റര്‍' പദവി നല്‍കിയിട്ടുണ്ട്. ഇതോടെ പരിസ്ഥിതി അനുമതികളും മറ്റ് ആസൂത്രണങ്ങളും വേഗത്തിലാക്കാന്‍ അവര്‍ക്ക് സാധിക്കും.

അതേസമയം, പരിസ്ഥിതി സംഘടനകള്‍ ഈ വന്‍കിട നിര്‍മ്മാണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ ജൈവവ്യവസ്ഥയെയും സംരക്ഷിത തീരദേശങ്ങളെയും നിര്‍മ്മാണം ദോഷകരമായി ബാധിച്ചേക്കുമെന്നാണ് ഇവരുടെ ഭയം. കടല്‍ ജീവികള്‍ക്ക് ഭീഷണിയാകുന്ന ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതോടെ, ബാള്‍ക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറ്റുനോക്കുന്ന ഒരു വലിയ ചര്‍ച്ചാവിഷയമായി ഇവാന്‍കയുടെ ഈ സ്വപ്ന പദ്ധതി മാറിക്കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയ്ക്ക് ട്രംപിന്റെ 'പൂട്ട്'; ജൂണ്‍ 17-ഓടെ ഇളവുകള്‍ അവസാനിച്ചേക്കും, റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തേണ്ടി വരുമോ?
രൂപ തകരാതെ കാക്കാൻ രാജ്യത്തിന്റെ കയ്യിലുള്ള സ്വർണം മുഴുവൻ വിറ്റോ റിസർവ് ബാങ്ക് ? കേന്ദ്രസർക്കാരിന്റെ പ്രതികരണമിങ്ങനെ