കളക്ഷന്‍ 24,000 കോടിയിലധികം രൂപ; ലോക സിനിമയില്‍ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ സിനിമയേത്?

Published : Jun 01, 2026, 04:18 PM IST
Cinema Theatre

Synopsis

ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ഇന്ന് കണക്കാക്കപ്പെടുന്നത് ജെയിംസ് കാമറൂണിന്റെ 'അവതാർ' ആണ്. എന്നാൽ, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഈ പട്ടികയിൽ മാറ്റം വരും. ടിക്കറ്റ് വില്പനയുടെ അടിസ്ഥാനത്തിൽ 1939-ൽ പുറത്തിറങ്ങിയ 'ഗോൺ വിത്ത് ദി വിൻഡ്' ആണ് യഥാർത്ഥത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ലോകത്ത് ഇത് വരെയുള്ളതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയേതെന്നറിയാമോ? ലോക സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ ജെയിംസ് കാമറൂണിന്റെ 'അവതാർ' തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, ഈ പട്ടിക രണ്ട് രീതിയിലാണ് വിലയിരുത്തപ്പെടാറുള്ളത്. തിയേറ്ററുകളിൽ നിന്ന് ലഭിച്ച യഥാർത്ഥ തുക (Unadjusted) കണക്കാക്കിയും, കാലപ്പഴക്കത്തിനനുസരിച്ച് ടിക്കറ്റ് നിരക്കിലുണ്ടായ വ്യത്യാസം കൂടി ഉൾപ്പെടുത്തിയും (Adjusted for Inflation).

ടിക്കറ്റ് വിൽപനയിലൂടെ മാത്രം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തുക നേടിയ ചിത്രങ്ങൾ നോക്കാം. 2009 ൽ പുറത്തിറങ്ങിയ അവതാർ ഇത് വരെ 2.92 ബില്യൺ ഡോളർ (ഏകദേശം 24,000 കോടിയിലധികം രൂപ) കളക്ഷൻ നേടിയെന്നാണ് കണക്ക്. അവഞ്ചേഴ്സ്: എൻഡ്ഗെയിം (2019): 2.79 ബില്യൺ ഡോളർ കളക്ഷൻ നേടി. പിന്നാലെ അവതാർ: ദി വേ ഓഫ് വാട്ടർ (2022): 2.33 ബില്യൺ ഡോളർ, ടൈറ്റാനിക് (1997): 2.26 ബില്യൺ ഡോളർ നേ ഷാ 2 (Ne Zha 2 - 2025): 2.21 ബില്യൺ ഡോളർ എന്നീ ചിത്രങ്ങളുമുണ്ട്. ഹോളിവുഡിനെ ഞെട്ടിച്ച് ചരിത്രത്തിലാദ്യമായാണ് ഒരു ചൈനീസ് ആനിമേഷൻ ചിത്രം ഈ പട്ടികയിലെ ആദ്യ അഞ്ചിൽ ഇടം നേടുന്നത്. ഇതിൽ മറ്റൊരു ട്വിസ്റ്റ് ലോക സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ നാല് ചിത്രങ്ങളിൽ മൂന്നെണ്ണവും (അവതാർ, അവതാർ 2, ടൈറ്റാനിക്) സംവിധാനം ചെയ്തത് ജെയിംസ് കാമറൂൺ എന്ന ഒരൊറ്റ വ്യക്തിയാണ് എന്നതാണ്.

ഇനി, രണ്ടാമത്തെ വിഭാഗം താരതമ്യം ചെയ്ത് നോക്കാം. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ (Adjusted for Inflation)പഴയകാലത്ത് ടിക്കറ്റ് നിരക്കുകൾ വളരെ കുറവായിരുന്നു. അക്കാലത്തെ ടിക്കറ്റ് നിരക്കുകളെ ഇന്നത്തെ പണത്തിന്റെ മൂല്യവുമായി താരതമ്യം ചെയ്താൽ, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററുകളിൽ കയറിയ സിനിമകളുടെ പട്ടിക മാറും. ഗോൺ വിത്ത് ദി വിൻഡ് (1939): ഇന്നത്തെ മൂല്യം വെച്ച് നോക്കിയാൽ ഈ ചിത്രം നേടിയത് 4.55 ബില്യൺ ഡോളറാണ് (ഏകദേശം 38,000 കോടി രൂപ). ടിക്കറ്റുകൾ വിറ്റഴിഞ്ഞ കണക്കിൽ ഇന്നും ഈ ചിത്രമാണ് ഒന്നാമത്. അവതാർ (2009): 4.15 ബില്യൺ ഡോളർ, ടൈറ്റാനിക് (1997): 3.86 ബില്യൺ ഡോളർ, സ്റ്റാർ വാർസ്: എ ന്യൂ ഹോപ്പ് (1977): 3.74 ബില്യൺ ഡോളർ എന്നിങ്ങനെയാണ് പട്ടിക നീളുക. ചുരുക്കത്തിൽ, വരുമാനത്തിന്റെ കാര്യത്തിൽ ആധുനിക യുഗത്തിൽ 'അവതാർ' മുന്നിലാണെങ്കിലും, വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണത്തിൽ 1939-ൽ ഇറങ്ങിയ 'ഗോൺ വിത്ത് ദി വിൻഡ്' എന്ന ക്ലാസിക് ചിത്രത്തെ മറികടക്കാൻ ഇന്നും ഒരു സിനിമയ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ട്രെന്‍ഡ് മാറ്റിപ്പിടിച്ച് 'ന്യൂജെന്‍': നീണ്ട അവധിക്കാലമല്ല, 87% ജെന്‍ സിക്കും പ്രിയം ചെറുയാത്രകള്‍!
'കുട്ടികൾ വേണം, മൂന്ന് വരെ ആകാം', ജനസംഖ്യ കൂട്ടാന്‍ പുതിയ നയങ്ങൾ, കടുപ്പിച്ച് ചൈന; ഗര്‍ഭനിരോധന ഉറകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍