ജെറ്റ് കടത്തിലായതോ, കടത്തിലാക്കിയതോ?: അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍; രക്ഷപെടുത്താന്‍ ഇപ്പോഴും കഠിനശ്രമം

By Web TeamFirst Published Jul 16, 2019, 11:20 AM IST
Highlights

സമാന കാലയളവില്‍ മറ്റ് കമ്പനികളുടെ ഇന്ധനത്തിന് വേണ്ടി ചെലവാക്കിയ തുകയില്‍ വലിയ മാറ്റം ഉണ്ടാകാതിരുന്നപ്പോള്‍ ജെറ്റ് എയര്‍വേസില്‍ ഇന്ധന ചെലവില്‍ വന്‍ വര്‍ധനയുണ്ടായി. 

ദില്ലി: സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേസ് വന്‍ തോതില്‍ ഫണ്ട് വകമാറ്റിയിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇന്‍വോയിസുകള്‍ പരിഗണിക്കാതെ ബില്ലുകളും ഇന്ധന ചെലവുകളും പെരുപ്പിച്ചുകാട്ടി ജെറ്റ് എയര്‍വേസിന് വലിയ നഷ്ടമുണ്ടാക്കിയതായാണ് കണ്ടെത്തല്‍. സ്റ്റേറ്റ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നടന്ന ഫോറന്‍സിക് ഓഡിറ്റിലാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍. 

ജെറ്റ് എയര്‍വേസിന്‍റെ ഉപകമ്പനിയായ ജെപി മൈല്‍സിനായി വ്യാജബില്ലുകളില്‍ 140 കോടി രൂപയാണ് പാസാക്കിയത്. ക‍ൃത്യമായ രേഖകളില്ലാതെ കമ്പനിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയുടെ പ്രതിമാസ ഇന്‍വോയിസാണ് നല്‍കിയിരുന്നത്. ജെപി മൈല്‍സ് ഫണ്ട് വകമാറ്റലിലൂടെ കമ്പനിക്ക് 46 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. 

സമാന കാലയളവില്‍ മറ്റ് കമ്പനികളുടെ ഇന്ധനത്തിന് വേണ്ടി ചെലവാക്കിയ തുകയില്‍ വലിയ മാറ്റം ഉണ്ടാകാതിരുന്നപ്പോള്‍ ജെറ്റ് എയര്‍വേസില്‍ ഇന്ധന ചെലവില്‍ വന്‍ വര്‍ധനയുണ്ടായി. എന്നാല്‍, ഇതിന് കാരണം വ്യക്തമല്ല. മറ്റ് പല ഇനത്തിലും ചെലവാക്കിയതിന്‍റേതായി കാട്ടിയിട്ടുളള ബില്ലുകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്നും സംശയമുണ്ട്. ഇതോടെ കമ്പനിയുടെ നില അപകടത്തിലാക്കുന്ന രീതിയില്‍ ബോധപൂര്‍വ്വം ഫണ്ട് വകമാറ്റിയതായി ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ജെറ്റ് എയര്‍വേസിനെ വീണ്ടും ഇന്ത്യന്‍ ആകാശത്ത് മടക്കിയെത്തിക്കാന്‍ ബാങ്കുകളുടെ നേതൃത്വത്തില്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടരുകയാണ്.  ഏകദേശം 25,000 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ജെറ്റ് എയര്‍വേസില്‍ ഫണ്ട്  വകമാറ്റിയെന്ന സംശയങ്ങളെ തുടര്‍ന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ജെറ്റ് എയര്‍വേസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ആണ് കേസന്വേഷണം നടത്തുന്നത്. 
 

click me!