
രാജ്യത്ത് വീണ്ടും ഉത്സവക്കാലം വരവായി. ഇത്തവണ ആഘോഷങ്ങള്‍ക്കൊപ്പം തൊഴിലന്വേഷകര്‍ക്ക് ഇരട്ടി മധുരം നല്‍കുന്ന ഒരു വാര്‍ത്ത കൂടിയുണ്ട്. ഈ ഉത്സവ സീസണില്‍ മാത്രം രാജ്യത്ത് 2.5 ലക്ഷം മുതല്‍ 2.7 ലക്ഷം വരെ താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇ- കൊമേഴ്സ്, ലോജിസ്റ്റിക്സ്, ക്വിക്ക് കൊമേഴ്സ്, റീട്ടെയില്‍, ബാങ്കിങ്-ഫിനാന്‍സ് എന്നീ മേഖലകളിലായിരിക്കും ഈ തൊഴില്‍ അവസരങ്ങള്‍. പ്രമുഖ ടാലന്റ് കമ്പനിയായ അഡെക്കോ ഇന്ത്യയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 2.16 ലക്ഷം പേര്‍ക്കാണ് ഉത്സവക്കാലത്ത് ജോലി ലഭിച്ചതെങ്കില്‍, ഇത്തവണ അത് 15 മുതല്‍ 20 ശതമാനം വരെ വര്‍ധിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തൊഴിലവസരങ്ങള്‍ക്കൊപ്പം ശമ്പളത്തിലും ഈ ഉത്സവക്കാലത്ത് വര്‍ധനവുണ്ടാകും. മെട്രോ നഗരങ്ങളില്‍ 12-15% വരേയും മറ്റു നഗരങ്ങളില്‍ 8-10% വരേയും ശമ്പളവര്‍ധന പ്രതീക്ഷിക്കാം. പുതിയ തരം ജോലികളേക്കാള്‍, നിലവിലുള്ള സെയില്‍സ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഫീല്‍ഡ് സെയില്‍സ്, ഡെലിവറി, മാനുഫാക്ചറിങ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ആളുകളെ ആവശ്യമുള്ളത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്കും, ഡിജിറ്റല്‍ പരിജ്ഞാനമുള്ളവര്‍ക്കുമാണ് മുന്‍ഗണന. പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവും മികച്ച ആശയവിനിമയ ശേഷിയും ഇത്തവണ ജോലിക്കെടുക്കുന്നതില്‍ നിര്‍ണായകമാകും.
ജോലി ഒഴിവുകള്‍ നിരവധിയുണ്ടെങ്കിലും മികച്ച ഉദ്യോഗാര്‍ത്ഥികളെ കിട്ടാനില്ലെന്ന പരാതിയും കമ്പനികള്‍ക്കുണ്ട്. ഏകദേശം 80 ശതമാനത്തോളം തൊഴിലുടമകള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ ജോലി കിട്ടുന്നവരെ സംബന്ധിച്ച് മറ്റൊരു സന്തോഷവാര്‍ത്ത കൂടിയുണ്ട്. ഉത്സവക്കാലത്ത് താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിക്കുന്നവരില്‍ 25 ശതമാനം പേര്‍ക്കും ഭാവിയില്‍ അത് ദീര്‍ഘകാലത്തേക്ക് തുടരാനുള്ള അവസരം ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഡെക്കോ ഇന്ത്യയുടെ നൂറിലധികം ക്ലയന്റുകളില്‍ നിന്നുള്ള വിവരങ്ങളും വിശ്വസനീയമായ മാര്‍ക്കറ്റ് റിസര്‍ച്ചും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.