
ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ 7.78 ശതമാനമായി ഉയർന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്ന് സെന്റര്‍ ഓഫ് മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.16 ശതമാനമായിരുന്നു.
2019 ലെ അവസാന മൂന്ന് മാസത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. കൊറോണ വൈറസ് ബാധയുടെകൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലിന്‌റെ ഇടയിലാണ് തൊഴിലില്ലായ്മ വർധിച്ചെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്കും വർധിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 7.37 ശതമാനമായാണ് ഫെബ്രുവരിയില്‍ ഉയര്‍ന്നത്. ജനുവരിയില്‍ 5.97 ശതമാനമായിരുന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 9.70 ശതമാനത്തില്‍ നിന്ന് 8.65 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 9.71 ശതമാനമായി വര്‍ധിച്ചിരുന്നത്.