
ഇന്ത്യയിലെ ആണവ നിലയങ്ങള്‍ക്ക് ആവശ്യമായ യുറേനിയം വന്‍തോതില്‍ നല്‍കാന്‍ കസാഖ്സ്ഥാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉല്‍പ്പാദക രാജ്യമാണ് പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ കസാഖ്സ്ഥാന്‍. പുതിയ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് യുറേനിയം നല്‍കുമെന്ന് കസാഖ്സ്ഥാന്‍ കമ്പനിയായ 'കസാറ്റംപ്രോം' അറിയിച്ചു. ഇന്ത്യന്‍ ആണവോര്‍ജ വകുപ്പുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പ്രഖ്യാപനം.
ഇന്ത്യയ്ക്ക് യുറേനിയം നല്‍കുന്നതുമായി ബന്ധപ്പെട്ട പഴയ കരാറിന്റെ കാലാവധി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചിരുന്നു. തുടര്‍ന്ന് പുതിയ കരാറിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. അടുത്ത കാലത്തായി ഈ ചര്‍ച്ചകള്‍ വേഗത്തിലാവുകയും വിജയത്തിലെത്തുകയുമായിരുന്നു.
മുന്‍പും മികച്ച സഹകരണം
ഇന്ത്യയും കസാഖ്സ്ഥാനും തമ്മില്‍ മുന്‍പും മികച്ച ആണവ സഹകരണമുണ്ടായിട്ടുണ്ട്:
2009 ജനുവരി: 2,100 ടണ്‍ യുറേനിയം നല്‍കാന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി കസാറ്റംപ്രോം കരാറിലെത്തി.
2015 ജൂലൈ: ഇന്ത്യന്‍ ആണവോര്‍ജ വകുപ്പുമായി ഉണ്ടാക്കിയ പുതിയ കരാറിലൂടെ 2015-2019 കാലയളവില്‍ 5,000 ടണ്‍ യുറേനിയം ഇന്ത്യയ്ക്ക് നല്‍കി.
എന്താണ് കസാറ്റംപ്രോം കമ്പനി?
കസാഖ്സ്ഥാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വമ്പന്‍ കമ്പനിയാണ് കസാറ്റംപ്രോം. യുറേനിയം ഖനനത്തിന് പുറമെ, അപൂര്‍വ ലോഹങ്ങളുടെ സംസ്‌കരണം, ബെറിലിയം , ടാന്റലം എന്നിവയുടെ നിര്‍മ്മാണവും വില്‍പ്പനയുമാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ധാതുക്കളുടെ 100 ശതമാനവും കയറ്റുമതി ചെയ്യുകയാണ് കമ്പനി ചെയ്യുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംറുക്-കസീന സ്റ്റേറ്റ് ഫണ്ടിന്റെ കൈകളിലാണ് കമ്പനിയുടെ 62.99 ശതമാനം ഓഹരികളും. കസാഖ്സ്ഥാന്‍ ധനകാര്യ മന്ത്രാലയത്തിന് 12.01 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. ബാക്കി വരുന്ന 25% ഓഹരികളാണ് പൊതു വിപണിയിലുള്ളത്