Kerala bank| കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ

By Web TeamFirst Published Nov 19, 2021, 9:25 PM IST
Highlights

കൊവിഡ് 19, കാലവര്‍ഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉല്‍പാദന, സേവന, വിപണന മേഖലിയിലെ  സൂക്ഷ്മ -ചെറുകിട - ഇടത്തരം  സംരഭകര്‍ക്കും ബസുടമകള്‍ക്കും വായ്പ ലഭിക്കും.
 

ഫോട്ടോ: കേരള ബാങ്കിന്റെ ഈട് രഹിത വായ്പാ പദ്ധതിയായ കെബി സുവിധ പ്ലസിന്റെ  ഉദ്ഘാടനം കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഫീസില്‍ നടന്ന  ചടങ്ങില്‍  സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നു.
 

കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച (Covid crisis) പ്രസിന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ (Kerala Bank) ഈട് രഹിത വായ്പ പദ്ധതി. 'കെ ബി സുവിധ പ്ലസ്' (KB suvidha plus)  വായ്പാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേരളാ ബാങ്കിന്റെ കോഴിക്കോട് റീജനല്‍ ഓഫീസില്‍  നടന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍(VN Vasavan) നിര്‍വഹിച്ചു. കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു. അഞ്ചു ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി.  

കൊവിഡ് 19, കാലവര്‍ഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉല്‍പാദന, സേവന, വിപണന മേഖലിയിലെ  സൂക്ഷ്മ -ചെറുകിട - ഇടത്തരം  സംരഭകര്‍ക്കും ബസുടമകള്‍ക്കും വായ്പ ലഭിക്കും. ഒപ്പം ഇരു ചക്രമുള്‍പ്പെടെയുള്ള ഇലക്ട്രിക്  വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും പ്രസ്തുത വായ്പ ലഭ്യമാകും.  വ്യാപാരികളുടെയും സംരഭകരുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിനും  പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് സുവിധ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഒമ്പത് ശതമാനം പലിശക്ക്് 60 മാസ കാലയളവിലേക്കാണ് വായ്പ നല്‍കുക. പലിശയില്‍ നാല് ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. തത്വത്തില്‍ അഞ്ചു ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടതുള്ളൂ. സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ  പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത്. ആറ് പേര്‍ക്കായി 13,20000 രൂപ വായ്പയായി  ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തു.

നടപ്പു വര്‍ഷത്തില്‍ 61.99  കോടി രൂപ ലാഭമുണ്ടാക്കാന്‍ കേരള ബാങ്കിനു സാധിച്ചുവെന്നും മന്ത്രി വാസവന്‍ പറഞ്ഞു. കേരളാ ബാങ്ക് മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉദ്ഘാടനം  സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണിയും പ്രാദേശിക സഹകരണ സംഘങ്ങള്‍ക്കുള്ള  മള്‍ട്ടി സര്‍വീസ് സെന്റര്‍ പദ്ധതിയുടെ ഉദ്ഘാടനം  സഹകരണ സംഘം റജിസ്ട്രാര്‍ പി.ബി. നൂഹും നിര്‍വഹിച്ചു. 

click me!