Budget : കൂടുതൽ വിളകളെ തോട്ടമെന്ന നിര്‍വചനത്തിൽ ഉൾപ്പെടുത്തും; തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ധനമന്ത്രി

Published : Mar 11, 2022, 06:18 PM ISTUpdated : Mar 11, 2022, 06:26 PM IST
Budget : കൂടുതൽ വിളകളെ തോട്ടമെന്ന നിര്‍വചനത്തിൽ ഉൾപ്പെടുത്തും; തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ധനമന്ത്രി

Synopsis

ലാഭകരമായി വിളകൾ കൃഷി ചെയ്യാൻ അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നു. ഏതെങ്കിലും വിഭാഗത്തിന് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ലെന്നാണ് ബാലഗോപാലിന്‍റെ ഉറപ്പ്.


തിരുവനന്തപുരം:  കൂടുതൽ വിളകളെ തോട്ടമെന്ന നിര്‍വചനത്തിന്‍റെ പരിധിയിൽ കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ധനമന്ത്രി. ഇത് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ല. തോട്ടം മുറിച്ചു വിൽക്കാനോ തരം മാറ്റാനോ അനുവദിക്കില്ലെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയംമാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 

ലാഭകരമായി വിളകൾ കൃഷി ചെയ്യാൻ അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നു. ഏതെങ്കിലും വിഭാഗത്തിന് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ലെന്നാണ് ബാലഗോപാലിന്‍റെ ഉറപ്പ്.  തോട്ടങ്ങളില്‍ മറ്റ് കൃഷികളും, സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമിയും അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് ഇടതുനേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് നിയമഭേദഗതിയെ കുറിച്ച് ബജറ്റും തുടര്‍ന്ന് മന്ത്രിമാരും നിലപാട് വ്യക്തമാക്കുന്നത്. തോട്ടങ്ങള്‍ നഷ്ടമാണെന്ന കൃഷിക്കാരുടെ ഏറെ നാളത്തെ പരാതിയാണ് മറ്റ് കൃഷികളനുവദിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് വിശദീകരണം. 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയംമാറ്റമില്ല മറിച്ച് കൂടുതൽ ഊന്നൽ നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ധനമന്ത്രി പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഊന്നൽ നൽകണമെന്നത് നേരത്തെ തന്നെ എൽഡിഎഫ് നയമാണ്. അറിവ് ഉൽപ്പാദനത്തിലേക്ക് നയിക്കണം. പുതിയ കോഴ്സുകൾ വരണം. ക്യാമ്പസുകളിൽ കൂടുതൽ സൗകര്യങ്ങൾ വേണം. ഹോസ്റ്റലുകൾ അടക്കം കുറവാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വേണമെന്ന് നേരത്തെ തന്നെയുള്ള നയമാണ്. വിദ്യാഭ്യാസ മേഖലയിൽ നല്ലത് പോലെ പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ബജറ്റ് ചർച്ചയിൽ പറഞ്ഞു. 

വ്യാപാരി വ്യവസായികളുടെ പരാതി പരിഹരിക്കും. കെഎഫ്‍സി തന്നെ പലിശ കുറഞ്ഞ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ വ്യാപാരികൾക്കൊപ്പം തന്നെയാണെന്നും ബാലഗോപാൽ ഉറപ്പ് നൽകി.  വിലക്കയറ്റം വരുന്നുണ്ട്. അതിന് അനുസരിച്ച് എല്ലാ ചിലവുകളും വർദ്ധിക്കും. നികുതിയും വർദ്ധിപ്പിക്കാൻ സാധിക്കില്ല. എല്ലാ മേഖലയിലും ഞെരുക്കമുണ്ടാകും. ഉള്ള വരുമാനം ഉപേക്ഷിക്കാൻ പറ്റുന്ന കാലമല്ല അത് കൊണ്ട് തന്നെ വാറ്റ് നികുതി കുറയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് മന്ത്രി പറഞ്ഞു വച്ചു. 

കെഎസ്ആർടിസിക്ക്  സഹായം നൽകേണ്ടത് ഇപ്പോൾ ആവശ്യമാണ്. സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് സഹായങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. എന്താണ് പ്രായോഗികമായി ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കേണ്ടതുണ്ട്. സ്വകാര്യ ബസ് മേഖലയ്ക്ക് സഹായം നൽകുന്നതിന് ചില പരിമതികളുണ്ടെന്നും മന്ത്രി തുറന്ന് സമ്മതിച്ചു. 

ബജറ്റിൽ കേട്ടത്

സ്വകാര്യ മേഖലയ്ക്ക് പരമാവധി പ്രോത്സാഹനവും ഭൂപരിഷ്കരണ നിയമത്തിൽ അടക്കം മാറ്റവും പ്രഖ്യാപിക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ്. സിപിഎമ്മിന്‍റെ മാറിയ വികസന കാഴ്ചപ്പാടുകൾ പ്രഖ്യാപിച്ച പാർട്ടി നയരേഖയ്ക്ക് പിന്നാലെ വന്ന ബജറ്റിൽ കെ റെയിൽ അടക്കം ഗതാഗത വികസനത്തിന് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. വൃത്തിയുള്ള അന്തരീക്ഷത്തിൽ മാത്രമേ സ്വകാര്യ വ്യവസായങ്ങൾ  വരൂ എന്ന് വ്യക്ത്മാക്കിയ ധനമന്ത്രി സംരംഭകർക്കായി വ്യവസായ ഫെസിലിറ്റേഷൻ പാർക്കുകൾ പ്രഖ്യാപിച്ചു.

സുപ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ:

25 വർഷത്തിനുള്ളിൽ കേരളത്തിൽ എല്ലാവർക്കും ലോകനിലവാരമുള്ള ജീവിതം. തൊഴിൽ അവസരങ്ങൾ ഉയർത്താൻ വിപുലമായ പദ്ധതികൾ. എല്ലാ ജില്ലകളിലും സ്‌കിൽ പാർക്കുകൾ. സർവകലാശാല കാമ്പസുകളിൽ സ്റ്റാർട്ട് അപ് പ്രോത്സാഹനം.

ദേശീയപാതയ്ക്ക് സമാന്തരമായി ഐ ടി ഇടനാഴികൾ. അഞ്ചു വർഷത്തിൽ ഐ ടി കയറ്റുമതി ഇരട്ടി ആകും. ഐ ടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി. 20 ചെറിയ ഐടി പാർക്കുകളും വരും.

മൂല്യവർധിത ഉത്പന്നങ്ങൾക്കായി കാർഷിക മിഷൻ സ്ഥാപിക്കും. കേരള വിഭവങ്ങൾക്കായി 10 ഫുഡ് പാർക്ക് സ്ഥാപിക്കും. തോട്ടം ഭൂമി എന്നതിന്‍റെ നിർവചനം കാലോചിതമായി പരിഷ്‌കരിക്കും. 

ഉന്നത വിദ്യാഭ്യാസത്തിൽ സമഗ്ര മാറ്റം കൊണ്ടുവരും. സർവകലാശാലകൾക്ക് 200 കോടി കിഫ്‌ബി വഴി നൽകും. സർവകലാശാലകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികൾ. 250 അന്താരാഷ്ട്ര ഹോസ്റ്റൽ മുറികളും സ്ഥാപിക്കും. 

ഫൈവ് ജി വിപ്ലവത്തിന് പ്രോത്സാഹനം. കെ ഫോൺ ആദ്യഘട്ടം ജൂണിൽ തന്നെ. തിരുവനന്തപുരത്തു മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് വരും. വിമാനത്താവളങ്ങൾക്ക് സമീപം 1000 കോടി മുടക്കി നാല് സയൻസ് പാർക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്