
മുംബൈ: കൊവിഡ് (Covid 19) മൂലം നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ (International Flights) വീണ്ടും പൂര്‍ണ്ണതോതില്‍ ആരംഭിച്ചതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സര്‍വീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയിലേക്കും, തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടാന്‍ വിമാന കമ്പനികള്‍ തയ്യാറായതോടെ വിമാനനിരക്കുകളില്‍ കുറവ് വരും എന്നാണ് കരുതപ്പെടുന്നത്. സര്‍വീസുകള്‍ കൂടുന്നതോടെ കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസിനെ എത്തിക്കുമെന്നാണ് ഇക്സിഗോ റിപ്പോര്‍ട്ട് പറയുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിച്ച് ഈ മാസം 27 മുതലാണ് അന്താരാഷ്ട്ര സർവീസുകൾ വീണ്ടും തുടങ്ങുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഇതു വരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയും തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.
2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. രണ്ട് വർഷം അന്താരാഷ്ട്ര സർവീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു.
വന്ദേ ഭാരത് മിഷൻ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇത്തരം സർവീസുകൾ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്. നിലവിൽ ലോകത്തെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സർവീസ് നടത്താനുള്ള കരാർ ഉണ്ട്. ഇതിൽ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്. മാർച്ച് 27 ഓടെ കൊവിഡിന് മുൻപത്തെ നിലയിലേക്ക് വ്യോമയാന മേഖല മാറും.
നേരത്തെ പരിമിത സീറ്റ് സര്‍വീസ് ആയതിനാല്‍ ഇന്ത്യയിലെ യാത്രക്കാര്‍ കൂടിയ നിരക്കാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നല്‍കിയിരുന്നത്. അമേരിക്കയിലേക്കുള്ള സര്‍വീസിന് 100 ശതമാനംവരെ നിരക്ക് ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതോടെ ലുഫ്താന്‍സ, സ്വിസ് എയര്‍ എന്നിവര്‍ ഒക്ടോബറോടെ സര്‍വീസുകള്‍ ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ ഇപ്പോള്‍ ആഴ്ചയില്‍ 22 സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. ഇത് 42 സര്‍വീസായി വര്‍ദ്ധിപ്പിക്കും.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് അടക്കം 52 സര്‍വീസുകള്‍ രാജ്യത്ത് നിന്നും നടത്തുന്നുണ്ട്. എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നയാണ് ഇത്. മാര്‍ച്ച് 21 മുതല്‍ ഇത് 61 ആയി വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ ആലോചിക്കുന്നുണ്ട്. 100 അന്താരാഷ്ട്ര സര്‍വീസുകള്‍ വരും മാസങ്ങളില്‍ ഇന്‍ഡിഗോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിസ്താരയും അന്താരാഷ്ട്ര സര്‍വീസുകള്‍ മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ്.