'പൊതുമേഖലയെ ഇല്ലാതാക്കി, സഹകരണ മേഖലയെ തകർക്കുന്നു': കേന്ദ്രത്തെ കടന്നാക്രമിച്ച് പിണറായി

By Web TeamFirst Published Nov 27, 2021, 11:57 AM IST
Highlights

സംസ്ഥാനങ്ങൾക്ക് ഒന്നും പറയാനാകാത്ത സ്ഥിതിയാണ്, അധികാരങ്ങളിൽ കേന്ദ്രം കടന്നുകയറുന്നു, സഹകരണ മേഖലയെ തകർക്കുന്നു, പൊതുമേഖലയെ ഇല്ലാതാക്കി തുടങ്ങി നിരവധി വിമർശനങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ തൊടുത്തുവിട്ടത്

കണ്ണൂർ: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക രംഗത്തെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പാർട്ടി ഏരിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾക്ക് ഒന്നും പറയാനാകാത്ത സ്ഥിതിയാണ്, അധികാരങ്ങളിൽ കേന്ദ്രം കടന്നുകയറുന്നു, സഹകരണ മേഖലയെ തകർക്കുന്നു, പൊതുമേഖലയെ ഇല്ലാതാക്കി തുടങ്ങി നിരവധി വിമർശനങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ തൊടുത്തുവിട്ടത്.

'ആസൂത്രണ കമ്മീഷൻ പിരിച്ച് വിട്ടതോടെ സംസ്ഥാനങ്ങൾക്ക് ഒന്നും പറയാനാകുന്നില്ല' - അദ്ദേഹം പറഞ്ഞു. 'സംസ്ഥാനത്തിന് അധികാരമുള്ള കാര്യങ്ങളിലും കേന്ദ്രം കടന്നുകയറുന്നു. കൃഷി, സഹകരണം എല്ലാം ഉദാഹരണമാണ്. സഹകരണ മേഖലയെ തകർക്കാൻ നീക്കം നടക്കുകയാണ്. കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ ജനദ്രോഹ നയങ്ങൾ ഓരോന്നായി നടപ്പിലാക്കി. പൊതുമേഖലയെ ഇല്ലാതാക്കി. കർഷക പ്രക്ഷോഭം കേന്ദ്രത്തിന്റെ അഹന്തയ്ക്കും ധാർഷ്ഠ്യത്തിനുമുള്ള ചുട്ട മറുപടിയാണ്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊല്ലാനും കേന്ദ്രം മടിച്ചില്ല. കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ കേന്ദ്രം ശ്രമിച്ചു,'- പിണറായി കുറ്റപ്പെടുത്തി.

'ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ചാണ് കേന്ദ്രം ഭരണം നടത്തുന്നത്. ഇന്ത്യയുടെ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുന്ന സമീപനമാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയിൽ നിന്ന് അന്യമാക്കുന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊണ്ടു. ഗോവധ നിരോദനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടത്തുന്നു. അത്തരത്തിലുള്ള ശ്രമം കേരളത്തിലും നടക്കുന്നു. ലക്ഷദ്വീപിന് മുകളിലും സംഘ പരിവാറിന്റെ ബുൾഡോസർ ഉരുളാൻ തുടങ്ങി.'

'കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കേന്ദ്ര ഏജൻസികളെ ഉൾപ്പെടെ കളത്തിലിറക്കി തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിച്ചു. അതെല്ലാം വെറുതെയായി. വർഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണം. ഇതിന് ഇടതുപക്ഷത്തിന് കഴിയും. ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടയാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. വികസന പ്രവർത്തനം തടയാൻ ബിജെപി-കോൺഗ്രസ്-വെൽഫയർ പാർട്ടി കൂട്ടുകെട്ട് തുടങ്ങി. യുഡിഎഫിനുള്ളിലുള്ള പ്രശ്നങ്ങൾ പുറത്തെത്തിക്കാതിരിക്കാൻ വിവാദങ്ങൾ കുത്തിപ്പൊക്കുകയാണ്. ഇടതുമുന്നണി പ്രകടന പത്രികയിൽ മുന്നോട്ട് വെച്ച വികസന കാഴ്ചപ്പാട് അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും. വിലകയറ്റം തടയാനും ക്ഷേമ പെൻഷൻ നൽകാനുമുള്ള നടപടികൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകും,' - മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങൾക്ക് എതിരായ നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ന് റിസർവ് ബാങ്ക് പത്രപ്പരസ്യത്തിലൂടെ വ്യക്തമാക്കിയത്. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് റിസർവ് ബാങ്ക് പറയുന്നു. സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത്. സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും റിസർവ് ബാങ്ക് പറയുന്നു. കേരളം ശക്തമായി എതിർക്കുന്ന വ്യവസ്ഥയിൽ പിന്നോട്ടില്ലെന്നാണ് റിസർവ് ബാങ്ക് നിലപാട്. പത്രപരസ്യം നൽകി സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കുകയാണ് റിസർവ് ബാങ്ക്.

click me!