തട്ടിപ്പുകള്‍ തടയാനും യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കാനും സാങ്കേതികവിദ്യയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. യാത്രക്കാരുടെ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഏകജാലക സംവിധാനമായി 'റെയില്‍ മദദ്' പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നു

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിലെ തടസ്സങ്ങള്‍ നീക്കി ഐആര്‍സിടിസി വെബ്‌സൈറ്റ് കൂടുതല്‍ കാര്യക്ഷമമാക്കിയെന്ന് ഈ അടുത്താണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോകസഭയിൽ പറഞ്ഞത്. തട്ടിപ്പുകള്‍ തടയാനും യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കാനും സാങ്കേതികവിദ്യയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തന മികവിനെയും സ്വീകരിച്ച പുതിയ നടപടികളെയും കുറിച്ച് മന്ത്രി പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്.

തടസ്സമില്ലാതെ ബുക്കിങ്

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഐആര്‍സിടിസി വെബ്‌സൈറ്റ് 99.98 ശതമാനം സമയവും തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. മുന്‍വര്‍ഷം ഇത് 99.86 ശതമാനമായിരുന്നു. വെബ്‌സൈറ്റ് 'ഹാംഗ്' ആകുന്നതും സര്‍വര്‍ തകരാറുകളും കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കരിഞ്ചന്തക്കാര്‍ക്ക് പൂട്ട്

ടിക്കറ്റുകള്‍ അനധികൃതമായി ബുക്ക് ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്:

വ്യാജ ഐഡികള്‍ റദ്ദാക്കി: സംശയാസ്പദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യൂസര്‍ ഐഡികള്‍ നീക്കം ചെയ്തു.

സൈബര്‍ കേസ്: സംശയാസ്പദമായി ബുക്ക് ചെയ്യുന്ന പി.എന്‍.ആറുകള്‍ക്കെതിരെ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കുന്നുണ്ട്.

ആന്റി-ബോട്ട് : സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ടിക്കറ്റ് തട്ടിയെടുക്കുന്ന ഏജന്റുമാരെ തടയാന്‍ അത്യാധുനിക 'ആന്റി-ബോട്ട്' സംവിധാനം ഏര്‍പ്പെടുത്തി.

പരാതികള്‍ക്ക് 'റെയില്‍ മദദ്'

യാത്രക്കാരുടെ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഏകജാലക സംവിധാനമായി 'റെയില്‍ മദദ്' പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നു. ഭക്ഷണം, വൃത്തി, മറ്റ് സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ ഇതിലൂടെ വേഗത്തില്‍ പരിഹരിക്കാനാകും.

ഭക്ഷണത്തില്‍ വിട്ടുവീഴ്ചയില്ല; 2.8 കോടി പിഴ

ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ ഉടനടി നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍വേ വര്‍ഷം തോറും ശരാശരി 58 കോടി ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ പരാതി ലഭിക്കുന്നത് വെറും 0.0008 ശതമാനം മാത്രമാണ്. കഴിഞ്ഞ 4 വര്‍ഷത്തിനിടെ മോശം ഭക്ഷണം വിളമ്പിയ കരാറുകാരില്‍ നിന്ന് 2.8 കോടി രൂപ പിഴയായി ഈടാക്കി.

ഇ-ടിക്കറ്റ് തന്നെ പ്രിയം

ബുക്ക് ചെയ്യുന്ന റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ 87 ശതമാനവും ഇ-ടിക്കറ്റുകളാണ്. ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയിലും സുഗമമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഐആര്‍സിടിസി ഉപയോഗിക്കുന്നത്. പണമിടപാടുകളിലെ തകരാറുകളും റീഫണ്ട് വൈകുന്നതും പരിഹരിക്കാന്‍ നിരന്തരമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.