Latest Videos

കേരളത്തിലേക്കുള്ള പ്രവാസി വരുമാനം കുത്തനെ ഇടിയുമെന്ന് വിലയിരുത്തൽ; 1.25 ലക്ഷം കുടുംബങ്ങളെ ബാധിക്കും

By Web TeamFirst Published May 11, 2020, 7:01 AM IST
Highlights

പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വർഷം എത്തിയത് 2,40,000 കോടി രൂപയാണ്. ഈ വർഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തിൽ ഈ വർഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തൽ. കൊവിഡിന് മുൻപ് തന്നെ 2400 കോടി രൂപയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വർധിച്ചാൽ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന.

മുൻപ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161 കോടിയുമായിരുന്നു പ്രവാസി വരുമാനം. ഇന്ത്യയിലേക്കെത്തുന്ന പ്രവാസി വരുമാനത്തിന്‍റെ 19% കേരളത്തിലേക്കാണ്.

സൗദി അറേബ്യയിൽ നിന്ന് 39 ശതമാനവും യുഎഇയിൽ നിന്ന് 23 ശതമാനവും ഒമാനിൽ നിന്ന് ഒൻപത് ശതമാനവും കുവൈത്തിൽ നിന്ന് ആറ് ശതമാനവും ബഹ്റിനിൽ നിന്ന് നാല് ശതമാനവും ഖത്തറിൽ നിന്ന് ഒൻപത് ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്. 

കേരള കുടിയേറ്റ സർവ്വെ 2018 പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതിൽ 89 ശതമാനം പേരും ഗൾഫ് രാജ്യങ്ങിൽ നിന്നുള്ളവരാണ്. കൊവിഡ് പ്രതിസന്ധിയിൽ മടങ്ങി വരാൻ രജിസ്റ്റർ ചെയ്തത് 4,42,000 പേരാണ്. ആകെ പ്രവാസികളുടെ ഇരുപത് ശതമാനം നാട്ടിലേക്ക് മടങ്ങിയാൽ കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും. 

രാജ്യത്തെ പ്രവാസി പണത്തിന്‍റെ 19 ശതമാനമാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വർഷം എത്തിയത് 2,40,000 കോടി രൂപയാണ്. ഈ വർഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാൽ കൊവിഡിന് മുന്നെ തിരിച്ചടിയാണ്.ജനുവരി-ഫെബ്രുവരി മാസത്തിൽ തന്നെ 2400കോടി രൂപ കുറഞ്ഞു. മാർച്ച്,എപ്രിൽ,മെയ് മാസത്തെ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഒരുലക്ഷം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്.

സർക്കാർ താത്കാലിക സഹായം നീട്ടുമ്പോഴും മുന്നിൽ പ്രതിസന്ധിയുടെ നാളുകളാണ് വരാനിരിക്കുന്നത്. പ്രവാസി പണത്തിന്‍റെ വരവ് കുറഞ്ഞാൽ 1.25 ലക്ഷം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് ആദ്യ പഠനങ്ങൾ വ്യക്തമാക്കുന്നത്. വ്യവസായം, റിയൽ എസ്റ്റേറ്റ്, സമ്പാദ്യം, നിക്ഷേപം എന്നിവയിലുണ്ടാകുന്ന മാന്ദ്യവും തിരിച്ചടിയാകും. 
 

click me!