
ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ടയിടമാണ് കേരളം. വീട്ടിലിരിക്കുമ്പോൾ പോലും ബോറടിച്ചാൽ ചായ കുടിക്കാൻ പുറത്തിറങ്ങുന്നവരാണ് നമ്മൾ. അതു കൊണ്ട് തന്നെ ചായക്കടകളും ബേക്കറികളും റെസ്റ്റോറന്റുകളുമെല്ലാം നമ്മൾ മലയാളികളെ സംബന്ധിച്ച് ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. എന്നാൽ, റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ഒട്ടും അനുയോജ്യമല്ലാത്ത സാഹചര്യത്തിലൂടെയാണ് നിലവിൽ സംസ്ഥാനം കടന്നുപോകുന്നത്. ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പ്രതിദിന പ്രവർത്തനച്ചെലവുകൾ പോലും കണ്ടെത്താനാകാത്ത തരത്തിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വിലക്കയറ്റവും, കേരളത്തിലെ കരി പ്രതിസന്ധിയും ഇതരസംസ്ഥാന തൊഴിലാളികളുടെ വേതനവർദ്ധനവുമെല്ലാം ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഇതിനുമുമ്പ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1,740.50 രൂപയും 47.5 കിലോഗ്രാം സിലിണ്ടറിന് 4,351 രൂപയുമായിരുന്നു വില. എന്നാൽ നിലവിലത് യഥാക്രമം 2,951 രൂപയായും 7,373.50 രൂപയായും ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ അരി, ഉഴുന്ന്, വെളിച്ചെണ്ണ, പച്ചക്കറി, കോഴിയിറച്ചി എന്നിവയുടെ വിലക്കയറ്റവും മറുവശത്തുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളായ കുഴിമന്തി, അൽഫാം, തന്തൂരി തുടങ്ങിയ ഗ്രിൽഡ് വിഭവങ്ങളുടെ നിർമ്മാണത്തെ കരിയുടെ (Firewood Charcoal) ക്ഷാമം രൂക്ഷമായി ബാധിച്ചിരിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് ആവശ്യമായ കരിയുടെ 70 ശതമാനത്തിലധികവും എത്തുന്നത്. ബാക്കി കർണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ്. എൽ പി ജി വില കൂടിയതോടെ ചെറുകിട വ്യവസായ സ്ഥാപനങ്ങളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും പാചകവാതകത്തിന് പകരം കരിയും വിറകും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും കരിക്ക് കടുത്ത ക്ഷാമം നേരിടാൻ കാരണമായി. കരി നിർമ്മിക്കാൻ ഉപയോഗിക്കുന്ന കരിവേല (Karivelam/Juliflora) മരങ്ങളുടെ വില ടണ്ണിന് 4,000 രൂപയിൽ നിന്ന് 8,000 രൂപയായി ഇരട്ടിച്ചതും വിനയായി. ഇത് വരുന്ന ദിവസങ്ങളിൽ തന്തൂരി, ഗ്രിൽഡ് വിഭവങ്ങളുടെ ലഭ്യതയെയും വിലയെയും ബാധിച്ചേക്കാം.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ ദിനബത്തയിൽ 100 രൂപയിലധികം വർദ്ധനവാണ് ആവശ്യപ്പെടുന്നത്. പത്തോ അതിൽ കൂടുതലോ ജീവനക്കാരുള്ള ഒരു ചെറിയ ഹോട്ടലിന് ഇത് താങ്ങാനാവുന്നതിലും അപ്പുറമാണ്.
നഗരപ്രദേശങ്ങളിൽ പോലും വൈകുന്നേരം 6 മണിക്ക് ശേഷം ഹോട്ടലുകളിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞിരിക്കുകയാണ്. കൊച്ചിയിൽ പോലും ഇതാണ് അവസ്ഥയെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഇറച്ചി, കോഴി ഉൽപ്പന്നങ്ങൾക്ക് വില കൂടിയെങ്കിലും വിഭവങ്ങളുടെ വില വർദ്ധിപ്പിക്കുക അത്ര എളുപ്പമല്ല.