കയ്യിലെ പണം ഇനി നനഞ്ഞാലും കീറിപ്പോകില്ല, പെട്ടെന്ന് കേടാകില്ല! ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

Published : Jul 28, 2026, 11:03 AM IST
Polymer Currency Notes in India

Synopsis

രാജ്യത്ത് 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്രസർക്കാർ അനുമതി. പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈടും സുരക്ഷയുമുള്ള ഈ പോളിമർ നോട്ടുകൾ നിലവിലെ കറൻസികൾക്കൊപ്പം സമാന്തരമായി വിപണിയിലുണ്ടാകും.

ദില്ലി: രാജ്യത്ത് 10, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്രത്തിന്റെ അനുമതി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം സ്ഥിരീകരിച്ചത്. ആകെ 3,000 കോടി രൂപയുടെ നോട്ടുകളാണ് ഇതിലൂടെ വിപണിയിലെത്തിക്കുക. പ്ലാസ്റ്റിക് നോട്ടുകൾ പേപ്പർ നോട്ടുകൾക്കൊപ്പം സമാന്തരമായിട്ടായിരിക്കും വിപണിയിലുണ്ടാകുക. പേപ്പർ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കാൻ നിലവിൽ തീരുമാനമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങി 60-ഓളം രാജ്യങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ട്. ഓസ്‌ട്രേലിയയാണ് 1988-ൽ ഇത് ആദ്യമായി അവതരിപ്പിച്ചത്. പരീക്ഷണ ഘട്ടത്തിന് ശേഷം ഇന്ത്യയിലുടനീളം ഇവ വ്യാപിപ്പിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനമെടുക്കും.

എന്തുകൊണ്ട് പ്ലാസ്റ്റിക് നോട്ടുകൾ?

ആയുസും കൂടുതൽ ഈടും: നിലവിലെ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് 2 മുതൽ 6 ഇരട്ടി വരെ അധിക ആയുസുണ്ട്. കൈമാറ്റം ചെയ്യപ്പെടുമ്പോൾ പെട്ടെന്ന് കേടാകില്ല, വെള്ളത്തിലും ഈർപ്പത്തിലും പെട്ടെന്ന് നശിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.

പ്രിന്റിംഗ് ചിലവ് കുറയ്ക്കാം: പ്ലാസ്റ്റിക് നോട്ട് നിർമ്മിക്കാൻ ആദ്യഘട്ടത്തിൽ ചിലവ് കൂടുതലാണെങ്കിലും, വർഷങ്ങളോളം കേടുകൂടാതെ നിൽക്കുന്നതിനാൽ വീണ്ടും വീണ്ടും അച്ചടിക്കേണ്ടി വരുന്ന തുകയും വിതരണച്ചിലവും വൻതോതിൽ കുറയും.

ഇക്കോ ഫ്രണ്ട്ലി: അന്താരാഷ്ട്ര നാണയ നിധി (IMF) നടത്തിയ പഠനങ്ങൾ പ്രകാരം, പ്ലാസ്റ്റിക് നോട്ടുകൾ ആഗോളതാപന സാധ്യത (Global Warming Potential) 32% കുറയ്ക്കുകയും നിർമ്മാണ ഊർജ്ജ ഉപഭോഗം 30% കുറയ്ക്കുകയും ചെയ്യുന്നു.

സുരക്ഷിതം, പുനരുപയോഗം: വ്യാജനോട്ടുകൾ തടയാൻ സഹായിക്കുന്ന അത്യാധുനിക സെക്യൂരിറ്റി ഫീച്ചറുകൾ ഇവയിൽ ഉൾപ്പെടുത്താം. കൂടാതെ, പഴയതാകുമ്പോൾ ഇവ റീസൈക്കിൾ ചെയ്ത് മറ്റ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാക്കി മാറ്റാനും സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത്; പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ, ഏറ്റവും തിരിച്ചടി വൈദ്യുതി മേഖലയ്ക്ക്
ഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം: 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾ