കുടിവെള്ളത്തിനും വില കൂടുമോ? വാട്ടർ അതോറിറ്റി നഷ്ടത്തിൽ; പരിഞ്ഞുകിട്ടാനുള്ളത് 2194 കോടി

By Web TeamFirst Published Jan 6, 2022, 3:01 PM IST
Highlights

വാട്ടര്‍ അതോറിറ്റി 1000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 594 കോടി! സംസ്ഥാനത്തെ വാട്ടർ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണ് ഈ നഷ്ടക്കണക്ക്. കുടിവെള്ളത്തിന്റെ നിരക്ക് വർധിപ്പിച്ചോ, സർക്കാർ ധനസഹായം പ്രഖ്യാപിച്ചോ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. വാട്ടർ അതോറിറ്റിയിൽ ശമ്പളവും പെൻഷൻ പരിഷ്കരണവും വൈകുന്നതിലും ജീവനക്കാർ പ്രതിഷേധം ഉന്നയിക്കുന്നുണ്ട്.

ഉൽപ്പാദന ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസം ഏറുന്നതാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതിസന്ധിക്ക് കാരണം. 1000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. 2194 കോടി രൂപ വാട്ടർ അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുണ്ട്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം നല്‍കാനുള്ളത് 422 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മാത്രം 594 കോടി രൂപ കവിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്കരിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരെ തഴഞ്ഞു. ശമ്പള പരിഷ്‌കരണം മൂലം പ്രതിമാസം ഉണ്ടാകുന്ന 10 കോടി രൂപയുടെ അധിക ബാധ്യത  എങ്ങിനെ പരിഹരിക്കുമെന്നാണ് ധനവകുപ്പിന്‍റെ ചോദ്യം.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാരും, പെന്‍ഷന്‍ പരിഷ്കരണം ആവശ്യപ്പെട്ട് വിരമിച്ച ജീവനക്കാരും സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം. അതേസമയം സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പടെ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്.

click me!