ബിസിനസ് ഇരട്ടിയിലധികമാക്കി കെഎഫ്‌സി; വായ്പാ വിതരണത്തിൽ സർവകാല റെക്കോഡെന്ന് തച്ചങ്കരി

By Web TeamFirst Published Apr 7, 2021, 3:46 PM IST
Highlights

കഴിഞ്ഞ സാമ്പത്തിക വർഷം 4139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയത്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാളും 244% വർദ്ധനയാണ്. 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി മുൻവർഷത്തേക്കാൾ 1349 കോടി രൂപ ഉയർന്നെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി. 2021 മാർച്ച് 31 ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം 4700 കോടി രൂപ എന്ന സർവകാല റെക്കോർഡാണ് വായ്പാ ആസ്തി എത്തിയിരിക്കുന്നത്. വായ്പാ അനുമതിയിലും, തിരിച്ചടവിലും, മുൻ വർഷങ്ങളേക്കാൾ വൻവർദ്ധനയാണ് രേഖപ്പെടുത്തിയത്‌.

കഴിഞ്ഞ സാമ്പത്തിക വർഷം 4139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയത്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാളും 244% വർദ്ധനയാണ്. കഴിഞ്ഞ വർഷം 1695 കോടി രൂപയുടെ വായ്പാ അനുമതിയാണ് നൽകിയിരുന്നത്. വായ്പാ വിതരണവും 1447 കോടിയിൽ നിന്നും 3729 കോടി രൂപയായി. 258 ശതമാനമാണ് വർദ്ധന.

പ്രതിസന്ധി ഘട്ടത്തിലും വായ്‌പാ  തിരിച്ചടവിൽ 262% വർദ്ധനയുണ്ടായി. മുൻവർഷം 1082 കോടി രൂപ ആയിരുന്ന വായ്പാ തിരിച്ചടവ് 2833 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 334 കോടി രൂപയിൽ നിന്നും 131 ശതമാനം വർധന രേഖപ്പെടുത്തി. 436 കോടി രൂപയിലെത്തി. സിബിലിൽ വിവരങ്ങൾ കൈമാറിയതും, റിക്കവറി നടപടികൾ കർശനമാക്കിയതും ഇതിനു സഹായകരമായെന്ന് തച്ചങ്കരി പറഞ്ഞു. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരി വിവിധ  ബിസിനസ് മേഖലകൾക്കും അനുയോജ്യമായ വായ്പകളും, ഏറ്റവും മികച്ച സേവനവും ലഭ്യമാക്കുന്ന സ്ഥാപനമായി കെഎഫ്‌സി  മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മൂലം പ്രതിസന്ധിയിലായ 419 വ്യവസായങ്ങൾക്ക് കോർപറേഷൻ 256 കോടി രൂപയുടെ പുതിയ  വായ്പകൾ  അനുവദിച്ചു. കൂടാതെ, സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു. ഈ പദ്ധതിയിൽ ഒരു ലക്ഷം വരെയുള്ള വായ്പകൾ യാതൊരു ഈടുമില്ലാതെയാണ് നൽകിയത്. പുതുതായി അവതരിപ്പിച്ച സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പ, ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള വായ്പ, ബസുകൾ സിഎൻജിയിലേക്ക് മാറ്റുവാനുള്ള വായ്പ, ഹോട്ടലുകൾക്ക്  50 ലക്ഷം രൂപ  വരെ ലഭ്യമാക്കുന്ന പ്രത്യേക വായ്പ, സർക്കാർ കരാറുകാർക്ക് ബില്ലുകൾ ഡിസ്‌കൗണ്ടിങ് സൗകര്യം എന്നിവ യാതൊരു ഈടുമില്ലാതെയാണ് അനുവദിച്ചത്. 6.5 ശതമാനത്തിൽ ധനസമാഹരണം നടത്താൻ സാധിച്ചതിനാൽ കോർപറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 8 ശതമാനമായി കുറച്ചിരുന്നു. മികച്ച പ്രവർത്തനം കൊണ്ടും, ചെലവുകൾ ചുരുക്കിയത് കൊണ്ടും, മുൻ വർഷത്തേക്കാൾ മികച്ച അറ്റാദായം കൈവരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി  സി എം ഡി പറഞ്ഞു.
 

click me!