കൊവിഡ് മഹാമാരിയിൽ തളരാതെ ഇൻഫോപാർക്ക്: ഐടി കയറ്റുമതിയില്‍ 1000 കോടിയിലേറെ വര്‍ധന

Web Desk   | Asianet News
Published : Jul 08, 2021, 08:45 PM ISTUpdated : Jul 08, 2021, 08:55 PM IST
കൊവിഡ് മഹാമാരിയിൽ തളരാതെ ഇൻഫോപാർക്ക്: ഐടി കയറ്റുമതിയില്‍ 1000 കോടിയിലേറെ വര്‍ധന

Synopsis

കൊവിഡ് കാലത്ത് മാത്രം 40ലേറെ കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുകയും ഓഫീസ് തുറക്കുകയും ചെയ്തത്. 

കൊച്ചി: കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി രംഗത്ത് ഇന്‍ഫോപാര്‍ക്കിന് നേട്ടം. കൊച്ചി ഇൻഫോപാർക്കിൽ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ നിന്നുള്ള ആകെ കയറ്റുമതി 6,310 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം സമാന കാലയളവിൽ ഇത് 5200 കോടി രൂപയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1,110 കോടി രൂപയാണ് വര്‍ധന. 415 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കിലെ വിവിധ ക്യാമ്പസുകളിലായി പ്രവര്‍ത്തിക്കുന്നത്. 

കൊവിഡ് കാലത്ത് മാത്രം 40ലേറെ കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുകയും ഓഫീസ് തുറക്കുകയും ചെയ്തത്. പുതിയ കമ്പനികൾ പലതും സ്പേസിനായി അപേക്ഷ നൽകിയിട്ടുണ്ട്. 18 കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും ഇതിലേറെ കമ്പനികള്‍ ഈ മഹാമാരിക്കാലത്തും ക്യാമ്പസ്സിൽ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനവും ഇന്‍ഫോപാര്‍ക്കില്‍ അതിവേഗം നടന്നുവരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആറ് ലക്ഷത്തിലേറെ ചതുരശ്ര അടി കൂടി പുതിയ കമ്പനികള്‍ക്കായി ഒരുങ്ങുന്നുണ്ട്.

"ഒരു വെല്ലുവിളിയായി വന്ന കൊവിഡ് സാങ്കേതിക വിദ്യാ രംഗത്ത് പുതിയ അവസരങ്ങളാണ് തുറന്നുനല്‍കിയത്. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഐടി ജീവനക്കാര്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയിലും അല്ലാതേയും മലയാളികളായ നിരവധി പേര്‍ ഈ പുതിയ സാഹചര്യത്തില്‍ കേരളത്തെ ഒരു സുരക്ഷിത ഇടമായി കാണുകയും ഇവിടെ തന്നെ ജോലി ചെയ്യാനും താല്‍പര്യപ്പെടുന്നു. ഇവര്‍ക്ക് വേണ്ടി കേരളത്തിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തയാറായി ബെംഗളുരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ബഹുരാഷ്ട്ര ഐടി കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ഇത് ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ കേരളത്തിലുടനീളമുള്ള ഐടി പാര്‍ക്കുകള്‍ക്ക് പുത്തനുണര്‍വേകുന്നതാണ്,"  ഇന്‍ഫോപാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിത തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന് ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയിരുന്നു. വിവിധ കമ്പനികളുടെ നേതൃത്വത്തിലും വാക്‌സിനേഷന്‍ നടന്നു. ഇതോടെ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിലെത്തുന്ന ഏതാണ്ട് എല്ലാ ജീവനക്കാര്‍ക്കും ഒന്നാം ഘട്ട വാക്‌സിന്‍ ലഭിച്ചു. ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരില്‍ ഏറിയ പങ്കിനേയും താല്‍ക്കാലികമായി വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിമിത എണ്ണം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പസിലെത്തുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?