എല്ലാവർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്കൗണ്ട്, ട്രെയിനുകൾക്ക് പേര്: വമ്പൻ മാറ്റങ്ങളുമായി കൊച്ചി മെട്രോ

By Web TeamFirst Published Oct 1, 2021, 11:03 AM IST
Highlights

കൊച്ചി മെട്രോ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുന്നവർക്ക് മുന്നിലേക്ക് ഇനിയെത്തുക വെറും മെട്രോ ട്രെയിനുകളല്ല, സ്വന്തമായി പേരുള്ള ട്രെയിനുകളാണ്

കൊച്ചി: കൊച്ചി മെട്രോയെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങളുമായി മാനേജ്മെന്റ് മുന്നോട്ട്. ഇതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. പുതിയ മാറ്റത്തിന്റെ ഭാഗമായി ഓരോ മെട്രോ ട്രെയിനിനും ഓരോ പുതിയ പേരും കൊച്ചി മെട്രോ അധികൃതർ നൽകിയിട്ടുണ്ട്.

കൊച്ചി മെട്രോ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുന്നവർക്ക് മുന്നിലേക്ക് ഇനിയെത്തുക വെറും മെട്രോ ട്രെയിനുകളല്ല, സ്വന്തമായി പേരുള്ള ട്രെയിനുകളാണ്. അതോടെ ഇന്ത്യയിൽ ആദ്യമായി മെട്രോ ട്രെയിനുകൾക്ക് പേര് കൊടുത്തെന്ന ഖ്യാതിയും കൊച്ചി മെട്രോയ്ക്ക് കിട്ടി. പമ്പ, ഗംഗ, കാവേരി, യമുന എന്നിങ്ങനെ നദികളുടെ പേരും പവൻ, മാരുത് തുടങ്ങിയ കാറ്റിന്റെ പര്യായ പദങ്ങളും വരെ ട്രെയിനിന് പേരാണ്. ഇടയിൽ അരുത് എന്ന പേരിലുമുണ്ട് മെട്രോ. കണ്ടിട്ട് കേറാതിരിക്കണ്ട, അതും കാറ്റിന്റെ പര്യായമാണ്. 

കൂടുതൽ ആകർഷകവും ജനകീയവുമായ മാറ്റങ്ങളിലാണ് കൊച്ചി മെട്രോ. ഗാന്ധി ജയന്തി ദിനത്തിൽ എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം തിരികെ നൽകും. അന്ന് തന്നെ പാഴ്വസ്തുക്കളിൽ നിന്ന് നിർമിച്ച അലങ്കാര വസ്തുക്കളുടെ പ്രദർശനവും നടക്കും.  മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാൾക്ക് 50 ശതമാനം ഇളവും നൽകുന്ന പദ്ധതിയും ഒക്ടോബർ രണ്ട് മുതൽ തുടങ്ങും. ലോക്ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ.

click me!