സംരംഭകരെ ഇതിലേ...ഇതിലേ...; കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന്

By Web TeamFirst Published Nov 4, 2021, 9:59 AM IST
Highlights

22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെഎംആർഎൽ ലേലം ചെയ്ത് അ‍ഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി ടൗൺ ഹാളിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ വഴി ലേലത്തിൽ പങ്കെടുക്കാം

കൊച്ചി: സംരംഭകരെ ഇതിലേ...ഇതിലേ... മാടി വിളിക്കുകയാണ് കേരളത്തിലെ സ്വന്തം കൊച്ചി മെട്രോ. കൊച്ചി മെട്രോയു‌െ സ്റ്റേഷനുള്ളിലെ സ്ഥലങ്ങൾ പാട്ടത്തിന് എടുക്കാൻ അവസരം ശനിയാഴ്ച വരെ മാത്രമേയുള്ളൂ. 22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെഎംആർഎൽ ലേലം ചെയ്ത് അ‍ഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി ടൗൺ ഹാളിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ വഴി ലേലത്തിൽ പങ്കെടുക്കാം. മെട്രോ നിർദ്ദേശിക്കുന്ന രീതിയിൽ 120 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കിയോസ്ക്കുകൾ.

ഒരു വ്യക്തിക്ക് നാല് കടകയ്ക്കുള്ള സ്ഥലം വരെ ലേലത്തിലെടുക്കാം. സുരക്ഷ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാത്തരം കടകൾക്കും അനുമതിയുണ്ട്. പുത്തൻ സംരംഭകർക്കും വ്യാപാരം വിപുലീകരിക്കാൻ പദ്ധതിയിടുന്നവർക്കും സാധ്യതകൾ ഏറെയാണ് കൊച്ചി മെട്രോ തുറന്നിടുന്നത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും വരെ കൊച്ചിയിലൊരു കട തുടങ്ങാൻ അന്വേഷണങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. വിശദവിവരങ്ങൾ കെഎംആർഎൽ വെബ്സൈറ്റിൽ കാണാം. വളരെ കുറഞ്ഞ അടിസ്ഥാന നിരക്കിലാണ് ലേലം വിളി തുടങ്ങുന്നത്.

ടിക്കറ്റ് ഇതര വരുമാനം കൂട്ടുന്നതിൻറെ ഭാഗമായാണ് കെഎംആർഎൽ സ്ഥലം പാട്ടത്തിന് നൽകുന്നത്. കടകളിലേക്കെത്തുന്നവർ മെട്രോ റെയിൽ കൂടി ഉപയോഗിച്ചാൽ മെട്രോ കമ്പനിയുടെ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് പ്രതീക്ഷ. അതേസമയം, കൊച്ചി മെട്രോ നഷ്ടത്തിലാണെന്നാണ് കണക്കുകൾ കഴിഞ്ഞ ദിവസം സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു.

യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപ ആയിട്ടുണ്ട്. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂട്ടാൻ വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് സർക്കാർ പറയുന്നു. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനുളള നടപടികളും തുടങ്ങി. കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നത് 35,000 പേരാണെന്നും സർക്കാർ വ്യക്തമാക്കി. 

സ്റ്റേഷനുകളെ ഷോപ്പിംഗ് ഹബ്ബുകളാകും; വരുമാനം കൂട്ടാന്‍ കൊച്ചി മെട്രോ

click me!