Kochi Toy Shop Raid : കൊച്ചി ഒബ്റോൺ മാളിലെ കളിപ്പാട്ട കടയിൽ റെയ്ഡ്, കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു

Published : Jan 21, 2022, 07:40 PM ISTUpdated : Jan 21, 2022, 09:03 PM IST
Kochi Toy Shop Raid : കൊച്ചി ഒബ്റോൺ മാളിലെ കളിപ്പാട്ട കടയിൽ റെയ്ഡ്, കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു

Synopsis

2 ലക്ഷം രൂപ പിഴയോ 2 വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായാണ് ഇത് കണക്കാക്കുന്നത്

കൊച്ചി: ഒബ്‌റോൺ മാളിലെ കളിപ്പാട്ട കടയിൽ ബിഐഎസ് സ്റ്റാന്റേർഡ് മാർക് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ നിരവധി കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കൊച്ചി ഒബ്‌റോൺ മാളിലെ "ഫ്രിസ്ബീ" എന്ന സ്റ്റോറിൽ ഇന്നലെയാണ് ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തിയത്.

ഐഎസ്ഐ മുദ്രയില്ലാത്ത വിവിധതരം കളിപ്പാട്ടങ്ങളുടെ വൻ ശേഖരം റെയ്ഡിൽ പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് 2021 ജനുവരി ഒന്ന് മുതൽ കളിപ്പാട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ നിർബന്ധിത സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയത്. 

ഐഎസ്ഐ മാർക്ക് ഇല്ലാതെ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. 2 ലക്ഷം രൂപ പിഴയോ 2 വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായാണ് ഇത് കണക്കാക്കുന്നത്. ഉപഭോക്താക്കൾ ഐഎസ്ഐ മാർക്കും ലൈസൻസ് നമ്പറും അടയാളപ്പെടുത്തിയ കളിപ്പാട്ടങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണമെന്നും ലൈസൻസിന്റെ ആധികാരികത പരിശോധിക്കാനും പരാതിയുണ്ടെങ്കിൽ അറിയിക്കാനും ബിഐഎസ് കെയർ (BIS CARE) ആപ്പ് ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഐഎസ്ഐ മുദ്ര നിഡബന്ധിതമാക്കിയത്. 2020 സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കാൻ ഉദ്ദേശിച്ച തീരുമാനം വ്യാപാരികളുടെ സമ്മർദ്ദ ഫലമായി 2021 ജനുവരി ഒന്നു മുതല്‍ നടപ്പാക്കുകയായിരുന്നു. അന്ന് മുതൽ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഐഎസ്ഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

കളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിന് ഇന്ത്യയിൽ 2021 വരെ കാര്യമായ നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. ഗുണനിലവാരം കുറഞ്ഞതും അപകടമേറിയതുമായ കളിപ്പാട്ടങ്ങൾ അതിനാൽ തന്നെ സുലഭമായിരുന്നു. ഇത്തരം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിർബാധം തുടർന്നതോടെ തദ്ദേശീയമായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. 2020 ലെ കണക്കുകൾ പ്രകാരം 28,000 കോടി രൂപ വലിപ്പമുള്ളതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്