കെഎസ്എഫ്ഇ പരിശോധന ;ശത്രുക്കൾക്ക് വിജിലൻസ് അവസരം ഉണ്ടാക്കിയത് എന്തിനെന്ന് അന്വേഷിക്കുമെന്ന് ഐസക്

By Web TeamFirst Published Nov 29, 2020, 12:00 PM IST
Highlights

കെഎസ്എഫ്ഇ യിൽ നടക്കുന്ന വിജിലൻസ് പരിശോധന മുഖ്യമന്ത്രി അറിയണമെന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

ആലപ്പുഴ: കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് അവസം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക്. എതിരാളിൾ എന്നാൽ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും കെഎസ്എഫ്ഇക്കെതിരായ പ്രചാരണങ്ങൾക്ക് ഇടനൽകുകയാണ് വിജിലൻസ് നടപടി വഴി ഉണ്ടായിട്ടുള്ളത്. വിജിലൻസ് പരിശോധനക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല , അത്തരമൊരു നിലപാട് ധനമന്ത്രിയെന്ന നിലയിൽ ഇല്ലെന്നും തോമസ് ഐസക് വിശദീകരിച്ചു. 

പരിശോധന നടത്തുന്നതിൽ തെറ്റൊന്നും ഇല്ല. റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടും മുൻപേ മാധ്യമങ്ങളിൽ വാര്‍ത്ത വരുന്നതെങ്ങിനെയാണ്. നിരന്തരം വാര്‍ത്ത നൽകുന്നത് ആരാണെന്ന് പരിശോധിക്കണം. മാധ്യമ വാര്‍ത്തയിലൂടെയാണോ വിജിലൻസ് കണ്ടെത്തൽ സര്‍ക്കാര്‍ അറിയേണ്ടതെന്നും ധനമന്ത്രി ചോദിച്ചു. ഇതിനു പിന്നിൽ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കും. മനപൂര്‍വ്വം വിവാദം ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. അതിന് വിജിലൻസ് കൂട്ടു നിന്നോ ? വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ എതിരാളികൾക്ക് എന്തിന് അവസരം ഉണ്ടാക്കി? ഇക്കാര്യങ്ങലെല്ലാം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

കെഎസ്എഫ്ഇ യിൽ നടക്കുന്ന വിജിലൻസ് പരിശോധന മുഖ്യമന്ത്രി അറിയണമെന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ധനമന്ത്രിക്കെതിരായ പടയൊരുക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോൾ  പാര്‍ട്ടിയിലും സര്‍ക്കാരിലും ഇതിലും അംഗീകാരം കിട്ടിയ കാലം ഉണ്ടായിട്ടില്ലെന്നായിരുന്നു ധനമന്ത്രി ടിഎം തോമസ് ഐസകിന്‍റെ മറുപടി 

 

click me!