
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ രണ്ടാം ദിവസമായ ഇന്ന് 90 ശതമാനം ഓഹരികൾ നിക്ഷേപകർ ഇതിനകം സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. പ്രാരംഭ ഓഹരി വില്പന അവസാനിക്കാൻ ഇനിയും നാല് ദിവസം ശേഷിക്കുന്നുണ്ട്. രണ്ടാം ദിനം അവസാനിക്കുമ്പോൾ വിപണിയിലെത്തിയ ഓഹരികൾ മുഴുവൻ നിക്ഷേപകർ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
ഇന്നലെ ഐപിഒ ആരംഭിച്ച് ആദ്യ ദിവസം തന്നെ 63 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ നടന്നു കഴിഞ്ഞു. ഇന്നലെ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഏകദേശം 27 ശതമാനം ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ജീവനക്കാരും പോളിസി ഉടമകളും ഒപ്പം റീട്ടെയിൽ നിക്ഷേപകരും സബ്‌സ്‌ക്രിപ്‌ഷൻ നടത്തുന്നുണ്ട്.
എൽഐസിയുടെ (LIC) 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എൽഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നാണ്.
നിക്ഷേപകർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന എൽഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) മെയ് 9 ന് അവസാനിക്കും. എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. വലിപ്പം കുറച്ചെങ്കിലും, എൽഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും, 2021 നവംബറിൽ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കും.