ക്രിസ്മസ് - പുതുവത്സര സീസണിൽ മലയാളി കുടിച്ചു തീർത്ത മദ്യത്തിന്‍റെ കണക്കിങ്ങനെ!

By Web TeamFirst Published Jan 2, 2020, 11:09 AM IST
Highlights

ക്രിസ്മസ് പുതുവത്സര സീസണിൽ വീണ്ടും റെക്കോഡ് മദ്യവിൽപനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സീസണിൽ അഞ്ഞൂറ് കോടി കോടിയിലേറെ രൂപയുടെ മദ്യമാണ് മലയാളി കുടിച്ച് തീർത്തിരിക്കുന്നത്. 

തിരുവനന്തപുരം: ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യം. മദ്യവിൽപനയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം നഗരമാണ്. രണ്ടാം സ്ഥാനത്താകട്ടെ പാലാരിവട്ടവും.  

ഡിസംബർ 22 മുതൽ 31 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബവ്റിജസ് കോർപ്പറേഷന് 10.39 കോടി രൂപ കൂടുതൽ ലാഭമാണ് ഇക്കുറി കിട്ടിയിരിക്കുന്നത്. സീസണിലെ മദ്യവിൽപ്പനക്കണക്ക് നോക്കുമ്പോൾ ഇത് വലിയ ലാഭമല്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വെറും രണ്ട് ശതമാനത്തിന്‍റെ വർദ്ധന മാത്രമേയുള്ളൂ. പക്ഷേ ആഘോഷദിവസങ്ങളുടെ തലേന്ന് വിറ്റ മദ്യത്തിന്‍റെ ആകെ കണക്ക് നോക്കുമ്പോൾ, അതിൽ മുൻവർഷത്തേക്കാൾ 16 ശതമാനത്തിന്‍റെ വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് കാണാം. 

കണക്കുകൾ ഇങ്ങനെ:

ഡിസംബർ 31-ന് മാത്രം സംസ്ഥാനത്തൊട്ടാകെ വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. അതായത് ന്യൂ ഇയർ തലേന്ന് മാത്രം മലയാളി 12.15 കോടി രൂപയുടെ മദ്യം കൂടുതൽ വാങ്ങി. 16 ശതമാനം വർദ്ധന ഒരു ദിവസം ദിവസം കൊണ്ട് മാത്രം, മുൻ വർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തി.

പുതുവർഷത്തലേന്ന് ആകെ വിറ്റ മദ്യത്തിൽ ബവ്റിജസ് കോർപ്പറേഷന്‍റെ അംഗീകൃത വിൽപനശാലകൾ വഴി വിറ്റ മദ്യത്തിന്‍റെ കണക്ക് 68.57 കോടി രൂപയാണ്. അതായത് കഴിഞ്ഞ വർഷത്തെ കണക്കായ 63.33 കോടി രൂപയേക്കാൾ 5.2 കോടി കൂടുതൽ. ബവ്‍റിജസ് വഴിയുള്ള വിൽപനയിൽ ആകെ രേഖപ്പെടുത്തിയിരിക്കുന്നത് എട്ട് ശതമാനം വർദ്ധനയാണ്.

പുതുവർഷത്തലേന്ന്, ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നിരിക്കുന്നത് തിരുവനന്തപുരത്തെ ബവ്‍റിജസ് കോർപ്പറേഷന്‍റെ വിൽപനശാല വഴിയാണ്. ഇവിടെ നിന്ന് മാത്രം 88.01 ലക്ഷം രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇവിടെ നിന്ന് ആകെ വിറ്റത് 64.37 ലക്ഷം രൂപയുടെ മദ്യമായിരുന്നു. 

രണ്ടാം സ്ഥാനം പാലാരിവട്ടം ബവ്‍റിജസ് കോർപ്പറേഷന്‍റെ മദ്യവിൽപനശാലയ്ക്കാണ്. ഇവിടെ നിന്ന് ആകെ 71 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. 

കഴിഞ്ഞ വർഷം പ്രളയത്തിന്‍റെ ആഘാതത്തിലായിരുന്ന കേരളത്തിൽ ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങൾക്ക് അത്ര തിളക്കമുണ്ടായിരുന്നില്ല. ഒരുപക്ഷേ, അതായിരിക്കാം മദ്യവിൽപനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ആഘോഷദിവസങ്ങളുടെ തലേന്ന് വിറ്റ മദ്യത്തിന്‍റെ കണക്കിൽ മികച്ച വർദ്ധന രേഖപ്പെടുത്തുന്നത്. 

click me!