ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയതിനുശേഷം രാജ്യത്ത് 2026 മാർച്ച് വരെ 60 കോടി ആഭരണങ്ങളിൽ ഹാൾ മാർക്കിങ് എച്ച് യു ഐഡി പതിച്ചതായി കണക്കുകൾ. കേരളത്തിൽ 15 കോടി ആഭരണങ്ങളിൽ എച്ച് യു ഐ ഡി മുദ്ര പതിച്ചതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ.

തിരുവനന്തപുരം: ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയതിനുശേഷം രാജ്യത്ത് 2026 മാർച്ച് വരെ 60 കോടി ആഭരണങ്ങളിൽ ഹാൾ മാർക്കിങ് എച്ച് യു ഐഡി പതിച്ചതായി കണക്കുകൾ. കേരളത്തിൽ 15 കോടി ആഭരണങ്ങളിൽ എച്ച് യു ഐ ഡി മുദ്ര പതിച്ചതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ. 2023ൽ തന്നെ കേരളo സമ്പൂർണ്ണ ഹാൾമാർക് സംസ്ഥാനമാക്കി. ഇന്ത്യയിൽ കേരളം മാത്രമാണ് ഏക സമ്പൂർണ്ണ ഹാൾമാർക്ക് സംസ്ഥാനം. ഹാൾമാർക്കിങ് നിയമം കാലോചിതമായി പരിഷ്കരിക്കുകയും, പൊളിച്ചെഴുതുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

2021 ജൂൺ 16നാണ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക് നിർബന്ധമാക്കിയത്. 2021 ജൂലൈ 17നാണ് ഹാൾമാർക്കിങ് എച്ച് യു ഐ ഡി യിലേക്ക് മാറിയത്. 6 അക്ക ആൽഫ ന്യൂമറിക് നമ്പർ സ്വർണാഭരണങ്ങൾ പതിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഉത്തരവിട്ടിരുന്നു. 9,14,18,20,22,23,24 എന്നീ കാരറ്റുകളിൽ ഉള്ള ആഭരണങ്ങളിലാണ് പരിശുദ്ധിയുടെ 6 അക്ക ആൽഫ ന്യൂമറിക് നമ്പർ മുദ്ര പതിക്കുന്നത് നിർബന്ധമാക്കിയിട്ടുള്ളത്.ഹാൾ മാർക്കിങ് നിർബന്ധമാക്കുമ്പോൾ രാജ്യത്തെ 256 ജില്ലകളിൽ മാത്രമാണ് ഇത് നടപ്പാക്കിയത്. ഇപ്പോൾ 380 ജില്ലകളിൽ ഹാൾമാർക്കിങ് സെൻററുകൾ പ്രവർത്തിക്കുന്നതിനാൽ,രാജ്യത്തെ 380 ജില്ലകളിൽ മാത്രമാണ് ഹാൾ മാർക്കിങ്ങ് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേ‍‍‌ർത്തു.

800 ഓളം ജില്ലകളുള്ള ഇന്ത്യയിൽ പകുതിയോളം ജില്ലകളിൽ പോലും ഇതുവരെ സ്വർണ പരിശുദ്ധി ഹാൾമാർക്കിങ് നിർബന്ധമാക്കിയിട്ടില്ല. സ്വർണാഭരണങ്ങളിൽ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾമാർക്കിങ് സെൻററുകൾ ഉള്ള ജില്ലകളിൽ മാത്രമാണ് ഹാൾമാർക്കിംഗ് നിർബന്ധമെന്ന നിയമമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇന്ത്യയിൽ പകുതിയിലധികം ജില്ലകളിൽ ഒരുതരത്തിലുള്ള പരിശുദ്ധിയും ഇല്ലാതെ സ്വർണാഭരണങ്ങൾ വിൽക്കാം എന്നത് സ്വർണാഭരണ വ്യാപാര മേഖലയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അഡ്വ.എസ്. അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി.