Mukesh ambani|'ലണ്ടനിലെ ബംഗ്ലാവ് അംബാനിക്ക് താമസത്തിനല്ല'; വിശദീകരിച്ച് റിലയൻസ് ഇന്റസ്ട്രീസ്

By Web TeamFirst Published Nov 6, 2021, 6:31 PM IST
Highlights

ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമനായ മുകേഷ് അംബാനി 590 കോടി രൂപയ്ക്ക് ലണ്ടനിൽ ബംഗ്ലാവ് സ്വന്തമാക്കിയതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിലയൻസ് ഇന്റസ്ട്രീസ്. 

ദില്ലി: ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമനായ മുകേഷ് അംബാനി 590 കോടി രൂപയ്ക്ക് ലണ്ടനിൽ ബംഗ്ലാവ് സ്വന്തമാക്കിയതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിലയൻസ് ഇന്റസ്ട്രീസ്. റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന വാർത്തയോട് രൂക്ഷമായ ഭാഷയിലാണ് കമ്പനി പ്രതികരിച്ചത്. വസ്തുതയ്ക്ക് നിരക്കാത്തതും അടിസ്ഥാനമില്ലാത്തതുമാണ് പുറത്ത് വന്ന വാർത്തകളെല്ലാമെന്നാണ് റിലയൻസ് അറിയിച്ചിരിക്കുന്നത്.

'മുകേഷ് അംബാനിക്ക് ലണ്ടനിലേക്ക് ലോകത്തിന്റെ മറ്റേതെങ്കിലും സ്ഥലത്തേക്കോ താമസം മാറ്റാൻ ഉദ്ദേശമില്ല. റിലയൻസ് ഇന്റസ്ട്രീസ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് 300 ഏക്കർ വിസ്തൃതിയുള്ള സ്റ്റോക് പാർക് എസ്റ്റേറ്റ് എന്ന ഹെറിറ്റേജ് പ്രോപ്പൽട്ടി വാങ്ങിയത് താമസിക്കാനല്ല. ഇവിടം ഗോൾഫ് റിസോർട്ട് ആക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക നിയമങ്ങൾ പാലിച്ചേ കമ്പനി മുന്നോട്ട് പോവുകയുള്ളൂ,'- റിലയൻസ് ഇന്റസ്ട്രീസ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അംബാനി കുടുംബം ലണ്ടനിൽ പുതിയ വീട് വാങ്ങിയെന്നും നാല് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ആന്റിലിയയിലും ലണ്ടനിലെ സ്റ്റോക് പാർക് എസ്റ്റേറ്റിലുമായാവും ഇനി കുടുംബം താമസിക്കുകയെന്നുമായിരുന്നു പുറത്ത് വന്ന വാർത്ത. ദീപാവലി ആഘോഷിക്കാനായി അംബാനി കുടുംബം ലണ്ടനിലാണെന്നും 49 കിടപ്പുമുറികളുള്ള ബംഗ്ലാവിൽ ചെറു ഹോസ്പിറ്റലും ഉണ്ടെന്നും വാർത്തകളിൽ വിശദീകരിച്ചിരുന്നു. 

മഹാമാരിക്കാലത്ത് അസിം പ്രേംജി ദിവസം തോറും സംഭാവന നല്‍കിയത് 27 കോടി രൂപ, മുകേഷ് അംബാനി ബഹുദൂരം പിന്നില്‍

49 ബെഡ് റൂം, മിനി ആശുപത്രി; ലണ്ടനില്‍ മുകേഷ് അംബാനിക്ക് കൂറ്റന്‍ വീടൊരുങ്ങുന്നു

മുംബൈയിൽ മാനംമുട്ടെ ഉയർന്നുനിൽക്കുന്ന മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന ബഹുനില പാർപ്പിട സമുച്ചയം  അംബാനി കുടുംബം ഒഴിവാക്കി പോവുകയല്ലെന്നും മറ്റൊരു അഭയം എന്ന നിലയിലാണ് ലണ്ടനിലെ വീടെന്നുമായിരുന്നു വാർത്തകൾ. കൊവിഡ് വ്യാപനത്തിന് തൊട്ട് ഇതുവരെ ഭൂരിഭാഗം സമയവും കുടുംബത്തിലെ ഓരോ അംഗങ്ങളും ഈ കെട്ടിടത്തിനകത്ത് ആയിരുന്നു സമയം ചെലവഴിച്ചത്. ഇത് ഇവരെ ഓരോരുത്തരെയും മറ്റൊരു വീട് കൂടി വേണമെന്ന് ചിന്തയിലേക്ക് നയിച്ചു എന്നതുമായിരുന്നു ദേശീയ മാധ്യമങ്ങൾ വഴി പുറത്തുവരുന്ന റിപ്പോർട്ടുകൾ.  രണ്ട് ജയിംസ് ബോണ്ട് സിനിമകളിൽ ലൊക്കേഷനായിരുന്ന ഈ കെട്ടിടം 1948 ലാണ് ഒരു വീടെന്ന നിലയിൽ നിന്ന് പ്രാദേശിക ക്ലബായി മാറിയത്. 

click me!