
മുംബൈ: ഇലക്ട്രിക്ക് കാർ നിർമ്മാണ കമ്പനിയായ ടെസ്‍ലയെ (Tesla) സംസ്ഥാനത്തേക്ക് ക്ഷണിച്ച് മഹാരാഷ്ട്ര സർക്കാർ. ടെസ്‍ലയ്ക്ക് പ്ലാൻ്റ് സ്ഥാപിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തത് തരാമെന്നും കമ്പനി സംസ്ഥാനത്ത് നിക്ഷേപത്തിന് തയ്യാറാവണമെന്നും മഹരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടീൽ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലേക്ക് വരുന്നതിന് ഗവൺമെന്‍റുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടെന്ന് ടെസ്ല ഉടൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ ട്വീറ്റ്. തെലങ്കാന വ്യവസായമന്ത്രിയും മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിൻ്റെ മകനുമായ കെടി രാമറാവുവും നേരത്തെ മസ്കിനെ സ്വാഗതം ചെയ്തിരുന്നു.
ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തീരുമാനിച്ച ടെസ്‍ല ആദ്യഘട്ടത്തിൽ കമ്പനികൾ ഇറക്കുമതി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. ഇന്ത്യൻ വിപണിയിലെ പ്രതികരണം നോക്കി അടുത്ത ഘട്ടത്തിൽ പ്ലാൻ്റ സ്ഥാപിക്കാനാണ് പദ്ധതിയിട്ടത്. ഇന്ത്യയിൽ ഇറക്കുമതി തീരുവയായി എതാണ്ട് കാറിന്‍റെ വില തന്നെ നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ. നികുതി കുറയ്ക്കണമെന്ന ഇലോൺ മസ്കിന്‍റെ അഭ്യർഥനയിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.