ചൈനയില്‍ നിന്ന് നിര്‍മ്മാണ യൂണിറ്റ് ആഗ്രയിലേക്ക് മാറ്റാനൊരുങ്ങി ഈ ജര്‍മ്മന്‍ കമ്പനി

By Web TeamFirst Published Jun 4, 2020, 7:45 PM IST
Highlights

ചെരിപ്പ് നിര്‍മ്മാണത്തിന് ഏറെ പ്രശസ്തമായ ആഗ്രയിലേക്ക് എത്തുന്ന ആദ്യ അന്തര്‍ ദേശീയ നിര്‍മ്മാണ  യൂണിറ്റാവും ഇത്. എംഎസ്എംഇ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, സംസ്ഥാന മന്ത്രി ഉദയ്ഭാന്‍ സിംഗുമാണ് ഇക്കാര്യം വിശദമാക്കിയത്

ആഗ്ര: കൊവിഡ് 19 മഹാമാരിക്ക് പിന്നാലെ ചൈനയിലെ നിര്‍മ്മാണ യൂണിറ്റ് ആഗ്രയിലേക്ക് മാറ്റുന്നതായി വ്യക്തമാക്കി ചെരിപ്പ് വ്യവസായ മേഖലയിലെ പ്രമുഖ ജര്‍മ്മന്‍ കംപനിയായ കാസാ എവര്‍സ്ഗം. പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ് തീരുമാനമെന്നാണ് പ്രഖ്യാപനം. ഈ നീക്കത്തിന് പിന്നാലെ വോന്‍ വെലിക്സ് അടക്കമുള്ള പ്രമുഖ കമ്പനികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഇവിടേക്ക് മാറ്റുമെന്നാണ് സൂചനയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചെരിപ്പ് നിര്‍മ്മാണത്തിന് ഏറെ പ്രശസ്തമായ ആഗ്രയിലേക്ക് എത്തുന്ന ആദ്യ അന്തര്‍ ദേശീയ നിര്‍മ്മാണ  യൂണിറ്റാവും ഇത്. എംഎസ്എംഇ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, സംസ്ഥാന മന്ത്രി ഉദയ്ഭാന്‍ സിംഗുമാണ് ഇക്കാര്യം വിശദമാക്കിയത്. കാസ അവര്‍സ്ഗം ഡയറക്ടേഴ്സുമായുള്ള യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ഭൂമിയും മറ്റ് സൌകര്യങ്ങളും ലഭ്യമാക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഉറപ്പിന് പിന്നാലെയാണ് തീരുമാനം. ലഖ്നൌവില്‍ നടന്ന യോഗത്തില്‍ കമ്പനിക്ക് നല്‍കേണ്ട സൌകര്യങ്ങളേക്കുറിച്ച് ധാരണയായത്. 

ലാട്രിക്സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ്  ലിമിറ്റഡ് ഇവര്‍ക്കാവശ്യമായ സൌകര്യങ്ങള്‍ ആഗ്രയിലൊരുക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.  ഇതിനായുള്ള ധാരണയില്‍ ലാട്രിക്സ് സിഇഒ ആശിഷ് ജെയിനുമായി കമ്പനി എത്തിയെന്നാണ് വിവരം. ആഗ്രയിലേക്ക് ചെരുപ്പ് വ്യവസായ മേഖലയിലേക്ക് അന്താരാഷ്ട്ര കമ്പനിയുടെ വരവ് ഏറെ ഗുണകരമാവുമെന്നാണ് ഉദയ്ഭാന്‍ സിംഗ് പ്രതികരിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന കമ്പനികളുടെ വിജയകരമായ പ്രവര്‍ത്തനം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നാണ് മന്ത്രിമാരുടെ പ്രതികരണം. ആഗ്രയിലെ യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നും മന്ത്രിമാര്‍ വിശദമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാവും എവിടെ ഭൂമി നല്‍കണമെന്നും എത്ര ശതമാനം സബ്സിഡി നല്‍കണമെന്നും തീരുമാനമാകുക. 

click me!