
രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് . 2004-ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തുടങ്ങിയ ഈ പദ്ധതി പിന്നീട് എല്ലാ പൗരന്മാര്‍ക്കും ചേരാവുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു. 18 മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് ചേരാവുന്ന, ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു പെന്‍ഷന്‍ പദ്ധതിയാണിത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ എന്‍പിഎസില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഈ അടുത്ത കാലത്തും പല പ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് എത്താനും പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കാനും വേണ്ടിയാണ് ഈ പരിഷ്‌കാരങ്ങള്‍.
എന്തിനാണ് ഈ മാറ്റങ്ങള്‍?
ഇന്ത്യയില്‍ വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കകള്‍ ഏറിവരുന്ന സാഹചര്യമുണ്ട്. ഇത് മനസ്സിലാക്കി, പെന്‍ഷന്‍ പ്ലാനിംഗ് കൂടുതല്‍ എളുപ്പവും ലളിതവുമാക്കാനും എല്ലാവര്‍ക്കും പ്രയോജനകരമാക്കാനും വേണ്ടിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും വിരമിക്കല്‍ ജീവിതം ബുദ്ധിമുട്ടില്ലാതെ ജീവിക്കാന്‍ ആവശ്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്‍പിഎസ് വാത്സല്യ: കുട്ടികള്‍ക്കായി നേരത്തേയുള്ള പെന്‍ഷന്‍ പ്ലാനിംഗ്
എന്‍പിഎസ് വാത്സല്യ എന്ന പുതിയ പദ്ധതി 2024 സെപ്റ്റംബര്‍ 18-ന് ആരംഭിച്ചു. എന്‍പിഎസ് പോലെ തന്നെ, കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് നിക്ഷേപിക്കാവുന്ന ഈ പദ്ധതി 18 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിടുന്നു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി തന്നെയാണ് എന്‍പിഎസ് വാത്സല്യയും നിയന്ത്രിക്കുന്നത്.
ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം വഴി എളുപ്പത്തില്‍ പണമടയ്ക്കാം
എന്‍പിഎസിനെ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചത് നിക്ഷേപകര്‍ക്ക് വലിയ സൗകര്യമാണ് നല്‍കിയിരിക്കുന്നത്. ഇതോടെ പണമടയ്ക്കാന്‍ കൂടുതല്‍ എളുപ്പമായിട്ടുണ്ട്.
ഭാഗികമായി പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം
പെന്‍ഷന്‍ തുകയില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വന്തം ഫണ്ടില്‍ നിന്ന് ഒരു നിശ്ചിത ഭാഗം പിന്‍വലിക്കാന്‍ അവസര ം ലഭിക്കും. ഇത് സാമ്പത്തിക ആസൂത്രണം കൂടുതല്‍ എളുപ്പമാക്കും.
അഖിലേന്ത്യ സര്‍വീസ് ഓഫീസര്‍മാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ അവസരം
പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്ന അഖിലേന്ത്യ സര്‍വീസ് ഓഫീസര്‍മാര്‍ക്ക്് എന്‍പിഎസില്‍ തുടരണോ അതോ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ (മരണം അല്ലെങ്കില്‍ അംഗവൈകല്യം) പഴയ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കണോ എന്ന് നിയമന സമയത്ത് തീരുമാനിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.
വേഗത്തിലും എളുപ്പത്തിലുമുള്ള പെന്‍ഷന്‍ നടപടികള്‍
പെന്‍ഷന്‍ തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സുഗമവും വേഗത്തിലുമാക്കിയിട്ടുണ്ട്. പഴയ പെന്‍ഷന്‍ പദ്ധതിക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇത് വിരമിച്ചവര്‍ക്ക് കൃത്യസമയത്ത് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.
ഏകീകൃത പെന്‍ഷന്‍ പദ്ധതി
ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതിഎല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും (സൈനികരൊഴികെ) നടപ്പിലാക്കി. എന്‍പിഎസിന് ഒരു ബദലായിട്ടാണ് യുപിഎസ് വന്നിരിക്കുന്നത്. ജൂണ്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ പുതിയ പദ്ധതി തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. പെന്‍ഷന്‍ സംവിധാനം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.