
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 15 വരെ നീട്ടി. സാധാരണയായി ജൂലൈ 31 ആണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നികുതിദായകര്‍ക്ക് പിഴവുകള്‍ കുറയ്ക്കാനും ഇ-ഫയലിംഗ് പ്രക്രിയ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തുകൊണ്ടാണ് അവസാന തീയതി നീട്ടിയത്?
ഫോമുകളിലെ പ്രധാന മാറ്റങ്ങള്‍: 2025-26 അസസ്‌മെന്റ് വര്‍ഷത്തേക്ക് അവതരിപ്പിച്ച പുതിയ ഫോമുകളില്‍ വിവരങ്ങള്‍, പ്രത്യേകിച്ച് മൂലധന നേട്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 2024 ജൂലൈ 23-ന് മുന്‍പോ ശേഷമോ ആസ്തി വിറ്റഴിച്ചതിനെ ആശ്രയിച്ച് നികുതി വ്യത്യാസപ്പെടുന്നതിനാല്‍ ഇത് ഫയലിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
യൂട്ടിലിറ്റി അപ്ഡേറ്റുകള്‍: ഈ മാറ്റങ്ങള്‍ ആദായനികുതി പോര്‍ട്ടലിന്റെ ഫയലിംഗ് യൂട്ടിലിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് സമയം ആവശ്യമാണ്. നികുതിദായകര്‍ക്ക് പിഴവുകളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ കൃത്യമായി ഇ-ഫയല്‍ ചെയ്യാന്‍ ഇത് സഹായിക്കുന്നു
ടിഡിഎസ് സമയപരിധി : 2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ടിഡിഎസ് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മെയ് 31 ആണ്. നികുതിദായകര്‍ ആശ്രയിക്കുന്ന ഫോം 16, ഫോം 26എഎസ് എന്നിവ തയ്യാറാക്കുന്നതില്‍ ടിഡിഎസ് വിവരങ്ങള്‍ പ്രധാനമാണ്. ഈ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ അധികാരികള്‍ക്ക് സമയം നല്‍കുന്നതിന് ഈ നീട്ടല്‍ സഹായകമാണ്.
നേരത്തെ, കോവിഡ് മഹാമാരി കാരണം 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ നികുതി ഓഡിറ്റ് ഇല്ലാത്ത കേസുകള്‍ക്കുള്ള അവസാന തീയതി യഥാക്രമം 2021 ജനുവരി 10, 2021 ഡിസംബര്‍ 31 എന്നിങ്ങനെ നീട്ടിയിരുന്നു. മുന്‍പും ഐടിആര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ടെങ്കിലും, നികുതി അടയ്ക്കാനുള്ള തീയതി നീട്ടിയിരുന്നില്ല. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 244എ പ്രകാരം, സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തീയതി മുതല്‍ റീഫണ്ട് അനുവദിക്കുന്ന തീയതി വരെ പലിശയോടെ റീഫണ്ട് ലഭിക്കാന്‍ നികുതിദായകര്‍ക്ക് അര്‍ഹതയുണ്ട്. അതിനാല്‍, അവസാന തീയതി നീട്ടിയത് റീഫണ്ട് ലഭിക്കുന്നതില്‍ കാലതാമസത്തിന് കാരണമാവുകയും അതുമൂലം നികുതിദായകര്‍ക്ക് അധിക പലിശ ലഭിക്കുകയും ചെയ്യും.
രണ്ട് മാസത്തെ ഈ അധിക സമയം മൂലധന നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ക്കും ടിഡിഎസ് വിവരങ്ങള്‍ ഒത്തുനോക്കുന്നവര്‍ക്കും വലിയ ആശ്വാസമാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും നികുതി പ്രാക്ടീഷണര്‍മാര്‍ക്കും ഇത് ഫയലിംഗ് ജോലികള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കും. എന്നിരുന്നാലും, അവസാന നിമിഷത്തെ തിരക്കും സിസ്റ്റം തടസ്സങ്ങളും ഒഴിവാക്കാന്‍ നികുതിദായകര്‍ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു