50 ടൂറിസം കേന്ദ്രങ്ങള്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറും, വന്‍ പദ്ധതിയുമായി കേരള സര്‍ക്കാര്‍

Web Desk   | Asianet News
Published : Feb 18, 2020, 10:59 AM IST
50 ടൂറിസം കേന്ദ്രങ്ങള്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറും, വന്‍ പദ്ധതിയുമായി കേരള സര്‍ക്കാര്‍

Synopsis

ഇക്കോ ടൂറിസം പദ്ധതിയുമായി  സഹകരിച്ച് വിവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.  വര്‍ക്കല, കാപ്പില്‍, മുഴപ്പിലങ്ങാട്, വാഗമണ്‍ എന്നിവിടങ്ങളെ  സാഹസിക വിനോദസഞ്ചാര മേഖലകളാക്കി മാറ്റും. 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് ദേശീയ -അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന സുരക്ഷാചട്ടങ്ങളുടേയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിന്‍റേയും പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇക്കോ ടൂറിസം പദ്ധതിയുമായി  സഹകരിച്ച് വിവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.  വര്‍ക്കല, കാപ്പില്‍, മുഴപ്പിലങ്ങാട്, വാഗമണ്‍ എന്നിവിടങ്ങളെ  സാഹസിക വിനോദസഞ്ചാര മേഖലകളാക്കി മാറ്റും. ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ അക്കാദമി സ്ഥാപിക്കും. എല്ലാ ജില്ലകളിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

അടിസ്ഥാനസൗകര്യ വികസനം, പുതിയ കേന്ദ്രങ്ങളെ കണ്ടെത്തല്‍, പൊതു-സ്വകാര്യമേഖകളുടെ പങ്കാളിത്തത്തോടെ  പദ്ധതികള്‍, വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്കീട്ട്, ദേശീയ- അന്താരാഷ്ട്ര തലങ്ങളില്‍ ബ്രാന്‍ഡ് ചെയ്യല്‍ എന്നിവയ്ക്കാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ മാനദണ്ഡം പുറത്തിറക്കിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സാഹസിക ടൂറിസം മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ക്കനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും  വേണ്ടിയാണ് രജിസ്ട്രേഷന്‍ സംവിധാനം നടപ്പിലാക്കുന്നത്. കര, ജല, വ്യോമ മേഖലകളിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങിയ സംഘത്തിന്‍റെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് രജിസ്ട്രേഷന്‍ അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം