ഇവർ കോടീശ്വരികൾ; ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ മലയാളികളും

By Web TeamFirst Published Jul 30, 2022, 12:17 PM IST
Highlights

ഇന്ത്യയിലെ അതിസമ്പന്ന വനിതകളുടെ പട്ടികയിൽ മലയാളി സാന്നിധ്യമായി ഇവർ. പരിചയപ്പെടാം ഈ മലയാളി സംരംഭകരെ 
 

ന്ത്യയിലെ അതിസമ്പന്നരായ സ്ത്രീകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂൺ ഇന്ത്യയും ചേർന്നാണ് രാജ്യത്തെ അതിസമ്പന്നയായ വനിതകളുടെ പട്ടിക പുറത്തു വിട്ടത്. 2021 ഡിസംബർ 31 വരെയുള്ള മൊത്തം ആസ്തിയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഇതിൽ മലയാളി സാന്നിധ്യമായി മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. വിദ്യ വിനോദ്, അലീഷാ മൂപ്പൻ, ഷീല കൊച്ചൗസേപ്പ് എന്നിവരാണ് 100  ഇന്ത്യൻ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടം പിടിച്ചവർ. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിദ്യ വിനോദിന്റെ ആസ്തി 2,780 കോടിയാണ്. ലിസ്റ്റിൽ ഇരുപത്തി ഒന്നാം സ്ഥാനത്താണ് വിദ്യ. വി-സ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയ്ക്ക് 540 കോടിയുടെ ആസ്തിയുണ്ട്. പട്ടികയിൽ അൻപതിനാലാമതാണ് ഷീലാ കൊച്ചൗസേപ്പ്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി എംഡി‍യാണ് അലീഷാ മൂപ്പൻ. 410 കോടിയാണ് അലിഷാ മൂപ്പന്റെ ആസ്തി. ലിസ്റ്റിൽ അറുപത്തി രണ്ടാം സ്ഥാനത്താണ് അലീഷ. 

Read Also : ഇന്ത്യയിലെ അതിസമ്പന്നരായ സ്ത്രീകളിൽ മുന്നിൽ റോഷ്നി; പട്ടികയിൽ വൻ കുതിപ്പുമായി ഫാൽഗുനി

അതിസമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ റോഷ്‌നി നാടാർ മൽഹോത്ര തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. 84,330 കോടിയാണ് റോഷ്‌നിയുടെ വരുമാനം. റോഷ്‌നിയെ പിന്തുടർന്ന് രണ്ടാം സ്ഥാനത്തെത്തിയ ഫാൽഗുനി നായർ, ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായെ പിന്തള്ളി.  57,520 കോടി രൂപയാണ് ഇവരുടെ 2021ലെ ആസ്തി.

Read Also: ഇന്ത്യയിലെ ഏറ്റവും ധനികരായ 10 സ്ത്രീകൾ ഇവരാണ്

ബയോകോൺ സി ഇ ഒയും സ്ഥാപകയുമായ കിരൺ മസുംദാർ ഷായാണ് മൂന്നാമത്. 29,030 കോടി രൂപയാണ് ഇവരുടെ ആസ്തി. നാലാം സ്ഥാനത്ത് നീലിമ മൊതപാർടിയാണ്. 28180 കോടി രൂപയാണ് നീലിമയുടെ ആസ്തി.

സോഹോ സ്ഥാപകനായ ശ്രീധർ വെമ്പുവിന്റെ സഹോദരി രാധാ വെമ്പു ആണ് അഞ്ചാം സ്ഥാനത്ത്. 26,260 കോടി രൂപയാണ് രാധയുടെ ആസ്തി. ആഗോള ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി കമ്പനിയായ യു എസ് വി യുടെ ലീന ഗാന്ധി തിവാരിയാണ് ആറാം സ്ഥാനത്ത്. 24,280 കോടി രൂപയാണ് ഇവരുടെ ആസ്തി. 
 

click me!