
ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ചെലവുകള്‍ വര്‍ധിക്കുന്നതിനിടെ, ഇന്ത്യയിലടക്കം നാല് രാജ്യങ്ങളിലെ ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. അര്‍ഹരായ ജീവനക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനി വിടാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. ഏകദേശം 60,000 ജീവനക്കാരെ ഇങ്ങനെ ഒഴിവാക്കാനാണ് പദ്ധതി. കമ്പനിയുടെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ നാലിലൊന്നിലധികം വരും ഈ എണ്ണം.
മൈക്രോസോഫ്റ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2026 ജൂണ്‍ 30-ന് കമ്പനിക്ക് ആഗോളതലത്തില്‍ 2,23,000 മുഴുവന്‍ സമയ ജീവനക്കാരുണ്ടായിരുന്നു. ഗെയിമിങ് വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ജൂലൈയില്‍ 4,800 ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ആഗോള ജീവനക്കാരുടെ ഏകദേശം 2.1 ശതമാനമാണിത്.
ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ടീമുകളിലെ ജീവനക്കാര്‍ക്കാണ് പദ്ധതി. നിശ്ചിത സമയത്തേക്ക് മാത്രമുള്ള ഈ ഓഫര്‍ സ്വീകരിക്കണോ എന്ന് ജീവനക്കാര്‍ക്ക് ഡിസംബര്‍ ആദ്യംവരെ തീരുമാനിക്കാം. ഓഫര്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ ജോലി വിടാം.
എഐ എക്‌സ്പീരിയന്‍സസ്, കോപൈലറ്റ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സസ്, എക്‌സ്‌ബോക്‌സ്, വിന്‍ഡോസ് പ്ലസ് ഡിവൈസസ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാനാകും. അതേസമയം, മാര്‍ക്കറ്റിങ്, കൊമേഴ്സ്യല്‍ ബിസിനസ്, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിനൊപ്പം കരിയര്‍ ആസൂത്രണത്തിനുള്ള സഹായവും പദ്ധതിയുടെ ഭാഗമായി ലഭിക്കും. എന്നാല്‍, മൈക്രോസോഫ്റ്റിന്റെ എല്ലാ വിഭാഗങ്ങളിലും പദ്ധതി ഒരേ രീതിയില്‍ നടപ്പാക്കില്ല. ഓരോ ബിസിനസ് വിഭാഗത്തിന്റെയും മുന്‍ഗണനകള്‍, ജീവനക്കാരുടെ ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും ജീവനക്കാരുടെ പങ്കാളിത്തം തീരുമാനിക്കുക.
ഓരോ ജീവനക്കാരന്റെയും പദവി, ജോലി ചെയ്യുന്ന സ്ഥലം, കമ്പനിയിലെ സേവനകാലം എന്നിവ പരിഗണിച്ചാണ് ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ സീനിയോറിറ്റി സൂചിപ്പിക്കുന്ന ലെവലുകള്‍ അനുസരിച്ച് ആനുകൂല്യത്തിലും വ്യത്യാസമുണ്ടാകും.