പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ യു.എ.ഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ വഴി 'ഗ്രേ-സോൺ സ്ട്രാറ്റജി' ഉപയോഗിച്ച് പാകിസ്ഥാൻ വൻതോതിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുവെന്ന് കണക്കുകൾ. രേഖകൾ തിരുത്തിയാണ് ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ളവ പാകിസ്ഥാനിൽ എത്തിക്കുന്നത്.

2025 ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ഉഭയകക്ഷി വ്യാപാരം പൂർണമായി നിർത്തിവച്ചിരിക്കുകയാണെങ്കിലും, പാകിസ്ഥാനിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതായി റിപ്പോർട്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് 6.17 കോടി ഡോളറിന്റെ (ഏകദേശം 5,876 കോടി രൂപ) ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കണക്കുകൾ. പാകിസ്ഥാൻ പത്രമായ ഡോണിലാണ് കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. മുൻവർഷം ഇതേ കാലയളവിലെ 3.65 കോടി ഡോളറിനേക്കാൾ 69 ശതമാനത്തിന്റെ കൂറ്റൻ വർധനവാണിത്. അതേസമയം, ഇക്കാലയളവിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് എക്സ്പോർട്ട് ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്.

Scroll to load tweet…

വ്യാപാര നിരോധനം നിലനിൽക്കെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ എങ്ങനെയാണ് പാകിസ്ഥാനിൽ എത്തുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. യു.എ.ഇ, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഈ ഉൽപ്പന്നങ്ങൾ മറിച്ചു വിൽക്കുന്നതെന്ന് സാമ്പത്തിക- ഭൗമരാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പാകിസ്ഥാൻ പ്രധാനമായും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ജീവൻ രക്ഷാ മരുന്നുകളും മരുന്ന് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമാണ്. ഇതിനുപുറമെ പ്ലാസ്റ്റിക്, പെട്രോളിയം ഉൽപ്പന്നങ്ങൾ, റബ്ബർ, ചായപ്പൊടി, കാപ്പി, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയും മൂന്നാം രാജ്യങ്ങൾ വഴി പാകിസ്ഥാനിലേക്ക് എത്തുന്നുണ്ട്.

കഴിഞ്ഞ വർഷം പഹൽഗാമിൽ 25 വിനോദസഞ്ചാരികളെ ഭീകരർ വധിച്ച സംഭവത്തെ തുടർന്ന്, വാഗ- അട്ടാരി അതിർത്തി പൂർണമായും അടച്ചുകൊണ്ടാണ് ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചത്. ഭീകരവാദവും വ്യാപാരവും ഒരുമിച്ച് മുന്നോട്ടുപോകില്ല എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൂപ്പുകുത്തുകയും ചെയ്തു. തുടർന്ന് പാകിസ്ഥാനും നിരോധനം പ്രഖ്യാപിച്ചെങ്കിലും, ആഭ്യന്തര വിപണിയിലെ കടുത്ത ക്ഷാമവും ആവശ്യകതയും കാരണം ഇന്ത്യൻ വസ്തുക്കളുടെ ഒഴുക്ക് തടയാൻ അവർക്കായിട്ടില്ല.

ഗ്രേ-സോൺ സ്ട്രാറ്റജി

നേരിട്ടുള്ള വ്യാപാരം സാധ്യമല്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിലെ ട്രാൻസിറ്റ് ഹബ്ബുകൾ വഴി രേഖകൾ തിരുത്തി ഉൽപ്പന്നങ്ങൾ പാകിസ്ഥാനിൽ എത്തിക്കുന്ന തന്ത്രമാണിത്. ഗ്ലോബൽ ട്രേഡ് റിസേർച്ച് ഇനീഷ്യേറ്റീവിന്റെ (GTRI) കണക്കുകൂട്ടൽ പ്രകാരം, അനൗദ്യോഗികമായി പ്രതിവർഷം 10 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ പാകിസ്ഥാനിൽ എത്തുന്നുണ്ട്.

റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ...

രേഖകൾ മാറ്റൽ: ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന ചരക്കുകൾ ആദ്യം ദുബായ്, സിംഗപ്പൂർ അല്ലെങ്കിൽ കൊളംബോ എന്നിവിടങ്ങളിലെ ബോണ്ടഡ് വെയർഹൗസുകളിൽ സൂക്ഷിക്കുന്നു.

കൺട്രി ഓഫ് ഒറിജിൻ തിരുത്തും: വെയർഹൗസുകളിൽ വച്ച് ഉൽപ്പന്നങ്ങളുടെ ഉറവിടം (Country of Origin) ഇന്ത്യ എന്നതിന് പകരം യു.എ.ഇ എന്നോ സിംഗപ്പൂർ എന്നോ മാറ്റി പുതിയ രേഖകൾ നിർമ്മിക്കുന്നു.

റീ- എക്സ്പോർട്ട്: തുടർന്ന് പുതിയ കമ്പനിയുടെയും രാജ്യത്തിന്റെയും പേരിൽ ഈ സാധനങ്ങൾ പാകിസ്ഥാനിലേക്ക് കപ്പൽ മാർഗം കയറ്റി അയക്കുന്നു.

2019 ലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് നൽകിയിരുന്ന 'മോസ്റ്റ് ഫേവേർഡ് നേഷൻ' (MFN) പദവി റദ്ദാക്കിയിരുന്നു. ഇതോടെ 2018-ൽ 2.41 ശതകോടി ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2024 ആയപ്പോഴേക്കും 1.2 ബില്യൺ ഡോളറായി കുറഞ്ഞു. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഉറച്ച നിലപാട് തുടരുമ്പോഴും, ഇന്ത്യൻ ഉൽപ്പന്നങ്ങളെ ആശ്രയിക്കാതെ പാകിസ്ഥാന് മുന്നോട്ടുപോകാനാകില്ലെന്ന സത്യമാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.