പശ്ചിമേഷ്യൻ സംഘർഷം: ഹോര്‍മുസ് കടലിടുക്കില്‍ ആശങ്ക, ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിലെത്തുമോ?

Published : Feb 28, 2026, 06:13 PM IST
crude oil

Synopsis

ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ വിപണിയിൽ ആശങ്ക വർധിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ തടസ്സങ്ങൾ സൃഷ്ടിച്ചാൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ വരെ ഉയരാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഇറാനിലെ യുഎസ്- ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണ വിപണിയില്‍ കടുത്ത ആശങ്ക പടരുകയാണ്. ഇസ്രയേലിന് തിരിച്ചടി നല്‍കാന്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ 'ഹോര്‍മുസ് കടലിടുക്കിലെ'ചരക്കുനീക്കം ഇറാന്‍ തടസപ്പെടുത്തിയാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 95 മുതല്‍ 110 ഡോളര്‍ വരെ എത്തിയേക്കുമെന്ന് ഇക്വിറസ് സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതിസന്ധിയാകുന്നത് ഇറാന്റെ എണ്ണ ഉല്‍പ്പാദനം

ലോകത്തെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ 3 ശതമാനത്തോളം (പ്രതിദിനം 33 ലക്ഷം ബാരല്‍) വരുന്നത് ഇറാനില്‍ നിന്നാണ്. നിലവിലെ സംഘര്‍ഷങ്ങളുടെ കേന്ദ്രവും ഇതാണ്. ആഗോള വിതരണത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായാല്‍ എണ്ണവിലയില്‍ 3 മുതല്‍ 5 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്ക്. ഇറാനില്‍ നിന്നുള്ള എണ്ണ വരവ് മാത്രം നിന്നാല്‍ പോലും വില 9 മുതല്‍ 15 ശതമാനം വരെ കുതിച്ചുയരും. അതായത് അടിസ്ഥാന വില 70 ഡോളറാണെങ്കില്‍, അത് 76 മുതല്‍ 81 ഡോളര്‍ വരെ എത്തും.

വില 110 ഡോളര്‍ കടക്കുമോ?

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതത്തെ യുദ്ധം ബാധിച്ചാല്‍ വിലക്കയറ്റം ഈ കണക്കുകളിലൊതുങ്ങില്ല. എണ്ണ വിതരണം ഭാഗികമായി തടസപ്പെട്ടാല്‍ പോലും 'ജിയോപൊളിറ്റിക്കല്‍ പ്രീമിയം' എന്ന നിലയില്‍ ബാരലിന് 20 മുതല്‍ 40 ഡോളര്‍ വരെ അധികമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് ഓയില്‍ വില 95 മുതല്‍ 110 ഡോളറിന് മുകളിലേക്ക് കുതിക്കും. മധ്യപൂര്‍വ ദേശത്ത് അമേരിക്ക സൈനിക വിന്യാസം ആരംഭിച്ചതിന് പിന്നാലെ തന്നെ ക്രൂഡ് ഓയില്‍ വിലയില്‍ 10 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

എന്തുകൊണ്ട് ഹോര്‍മുസ് കടലിടുക്ക് നിര്‍ണായകമാകുന്നു?

ആഗോളതലത്തില്‍ തന്നെ കടല്‍ മാര്‍ഗമുള്ള എണ്ണ, ദ്രവീകൃത പ്രകൃതിവാതക ഗതാഗതത്തിന്റെ സിംഹഭാഗവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അതുകൊണ്ട് തന്നെ ഇറാന്‍ ഉള്‍പ്പെടുന്ന ഏത് യുദ്ധത്തിലും ഇതൊരു നിര്‍ണായക ഘടകമാണ്.

ഇറാന്റെ നീക്കങ്ങള്‍ എന്താകും?

കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിടുന്നതിന് പകരം മറ്റ് പല മാര്‍ഗ്ഗങ്ങളും ഇറാന്‍ സ്വീകരിച്ചേക്കാമെന്ന് 'ക്രൈസിസ് ഗ്രൂപ്പിന്റെ' റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുക, സൈനികാഭ്യാസങ്ങളുടെ പേരില്‍ ഗതാഗതത്തിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയോ കപ്പലുകളില്‍ പരിശോധന നടത്തുകയോ ചെയ്യുക എന്നിവയാണ് മറ്റുമാർഗ്ഗങ്ങളിൽപ്പെടുന്നത്.

ഇത്തരം നടപടികള്‍ കപ്പലുകളുടെ ഇന്‍ഷുറന്‍സ് തുകയും ചരക്കുകൂലിയും കുത്തനെ ഉയരാന്‍ കാരണമാകും. എന്നാല്‍ കടലിടുക്ക് പൂര്‍ണ്ണമായി അടച്ചിടുന്നത് വലിയൊരു ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാകും. ഇത് അമേരിക്കയുടെ നാവിക ആക്രമണത്തിന് വഴിവെക്കുമെന്നതിനാലും, സ്വന്തം എണ്ണ കയറ്റുമതിയെ ബാധിക്കുമെന്നതിനാലും ഇറാന്‍ അതിന് മുതിര്‍ന്നേക്കില്ല. സാധാരണ ഗതിയില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എണ്ണവില കുതിച്ചുയരുകയും, പിന്നീട് വ്യാപാരം മറ്റ് വഴികളിലൂടെ പുനഃക്രമീകരിക്കപ്പെടുമ്പോള്‍ വില സാധാരണ നിലയിലേക്ക് മടങ്ങുകയുമാണ് ചെയ്യാറുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ എരിതീ എണ്ണയിലേക്കും പടരും, ഇന്ധന വിലയടക്കം മാറിയേക്കും, സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്നതെങ്ങനെ?
ഉപഭോക്താക്കൾക്ക് അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്; ഇനി മുതൽ താക്കോൽ മാത്രം പോര! ലോക്കർ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ