സഹകരണ മേഖലയ്ക്ക് വേണ്ടി മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍

By Web TeamFirst Published Jul 7, 2021, 12:01 AM IST
Highlights

. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ദില്ലി: കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍. 'സഹകരണത്തിലൂടെ സമ‍ൃദ്ധി' എന്ന കാഴ്ചപ്പാടോടെയാണ് ഈ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയ്ക്ക് സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ വേരൂന്നാന്‍ സഹായിക്കുന്ന മാറ്റങ്ങളായിരിക്കും പുതിയ മന്ത്രാലയം വഴി ഉണ്ടാകുക എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നത്.

സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം രാജ്യത്തിന് അത്യവശ്യമാണ്, അത് കര്‍ത്തവ്യത്തോടെ നിര്‍വഹിക്കാനും,അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഈ വകുപ്പ് വഴി ശ്രമിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സഹകരണ മേഖലയിലെ ബിസിനസുകള്‍ സുതാര്യതയോടെ നടത്തിക്കൊണ്ടുപോകാനും, മള്‍‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റീവുകളെ ഉണ്ടാക്കിയെടുക്കാനും കേന്ദ്ര സഹകരണ മന്ത്രാലയം ശ്രമിക്കുമെന്നാണ് വാര്‍ത്തകുറിപ്പ് പറയുന്നത്.

കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. അതേ സമയം ഈ വകുപ്പിന്‍റെ അധികാരങ്ങളും മറ്റും സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് സര്‍ക്കാര്‍ നല്‍കും.

click me!