യു.എസ് സുപ്രീം കോടതി തീരുവ നയം റദ്ദാക്കിയതിന് പിന്നാലെ, മറ്റൊരു രൂപത്തിൽ തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപിന്രെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ 'അന്യായമായ വ്യാപാര രീതികൾ'ക്കെതിരെ അമേരിക്ക പുതിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീരുവ നയം യു.എസ് സുപ്രീം കോടതി റദ്ദാക്കി ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍, മറ്റൊരു രൂപത്തില്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. യു.എസിനെ കാലങ്ങളായി ചൂഷണം ചെയ്യുന്ന വിദേശ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ട്രില്യണ്‍ കണക്കിന് ഡോളര്‍ നേടിക്കൊടുക്കുന്നതാണ് കോടതി വിധിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഈ വിധി വിദേശ രാജ്യങ്ങളെ സന്തോഷിപ്പിച്ചെങ്കിലും, കോടതി തന്നെ ചൂണ്ടിക്കാണിച്ചതുപോലെ മറ്റൊരു രൂപത്തില്‍ തീരുവ ഈടാക്കാന്‍ തനിക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും അതിനായുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ വ്യവസായങ്ങളെ സംരക്ഷിക്കാനും മറ്റ് രാജ്യങ്ങളുടെ അന്യായമായ സാമ്പത്തിക നയങ്ങളെ നേരിടാനും തന്റെ സര്‍ക്കാര്‍ തുടര്‍ന്നും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കും ചൈനക്കും എതിരെ അമേരിക്കയുടെ പുതിയ അന്വേഷണം

പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള വഴികള്‍ തേടുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ അമേരിക്ക പുതിയ അന്വേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസാണ് കഴിഞ്ഞ ആഴ്ച ഈ അന്വേഷണം പ്രഖ്യാപിച്ചത്. ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരെയാണ് 'അന്യായമായ വ്യാപാര രീതികള്‍' ആരോപിച്ച് അന്വേഷണം നടക്കുന്നത്.

എന്താണ് പരിശോധിക്കുന്നത്?

ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതലായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു. സര്‍ക്കാര്‍ സബ്സിഡികള്‍, നാണയ വിനിമയത്തിലെ കൃത്രിമത്വം, കുറഞ്ഞ വേതനം, പരിസ്ഥിതി-തൊഴില്‍ നിയമങ്ങളിലെ വിട്ടുവീഴ്ചകള്‍ എന്നിവയിലൂടെ ഈ രാജ്യങ്ങള്‍ അന്യായമായ ലാഭം നേടുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

പുതിയ നികുതികള്‍ ഉടന്‍: നിലവിലെ താല്‍ക്കാലിക താരിഫുകളുടെ കാലാവധി ജൂലൈയില്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഈ അന്വേഷണം പൂര്‍ത്തിയാക്കി പുതിയ നടപടികള്‍ ശുപാര്‍ശ ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വേനല്‍ക്കാലത്ത് തന്നെ അമേരിക്കയില്‍ പുതിയ ഇറക്കുമതി നികുതികള്‍ നിലവില്‍ വന്നേക്കാം.