ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴേക്ക് പോകും, രാജ്യത്തിന്‍റെ ജിഡിപി നിരക്ക് പ്രവചിച്ച് മൂഡിസ്

By Web TeamFirst Published Nov 15, 2019, 5:01 PM IST
Highlights

നടപ്പു സാമ്പത്തിക വർഷത്തിൽ തകർച്ച നേരിടുമെങ്കിലും 2020, 2021 വർഷങ്ങളിൽ ഇന്ത്യ നില മെച്ചപ്പെടുത്തുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 6.6 ശതമാനവും, 6.7 ശതമാനവും ആയിരിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മുംബൈ: ഇന്ത്യയിലെ സാമ്പത്തിക വളർച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 5.6 ആയിരിക്കുമെന്ന് മൂഡീസ് റിപ്പോർട്ട്. 2018 ൽ 7.4 ശതമാനം എന്നായിരുന്നു മൂഡീസ് റിപ്പോർട്ട് വിലയിരുത്തിയത്. എന്നാൽ, ഇക്കുറി ഇന്ത്യയുടെ വികസന കാഴ്ചപ്പാട് സ്ഥിരതയിൽ നിന്ന് നെഗറ്റീവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സാമ്പത്തിക വളർച്ചാ നിരക്കിലും വലിയ പിന്നോട്ട് പോക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിൽ തകർച്ച നേരിടുമെങ്കിലും 2020, 2021 വർഷങ്ങളിൽ ഇന്ത്യ നില മെച്ചപ്പെടുത്തുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 6.6 ശതമാനവും, 6.7 ശതമാനവും ആയിരിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഈ ജിഡിപി നിരീക്ഷണം കൂടി പുറത്തുവന്നതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കൂടുതൽ ഇടപെടൽ വേണമെന്ന് ആവർത്തിച്ചിരിക്കുകയാണ് സാമ്പത്തിക വിദഗ്ധർ. മൂഡീസ് മാത്രമല്ല, നിരവധി സാമ്പത്തിക വിദഗ്ദ്ധരാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്കാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ പകുതിയോടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ച താഴേക്ക് പോയത്. 2018 ലെ രണ്ടാം പാദത്തിൽ എട്ട് ശതമാനത്തിന് അടുത്തുണ്ടായിരുന്ന ജിഡിപി വളർച്ച 2019 ലെ രണ്ടാം പാദമായപ്പോഴേക്കും അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി.

ഇതോടെ തുടർച്ചയായ മൂന്നാം തവണയാണ് മൂഡീസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി മോശമാണെന്ന് സൂചിപ്പിക്കുന്നത്. നിലവിൽ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ഡിമാന്റിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അതാണ് സമ്പദ് വ്യവസ്ഥയുടെ തളർച്ചയെ ചൂണ്ടിക്കാട്ടുന്നത്.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. സെപ്തംബറിൽ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ലേക്ക് താഴ്ത്തി. പുതിയ മാനുഫാക്ചറിംഗ് കമ്പനികളുടെ നികുതി നിരക്ക് 15 ശതമാനത്തിലേക്ക് മാറ്റി വിദേശ നിക്ഷേപത്തിനുള്ള സാധ്യത വർധിപ്പിച്ചതും സർക്കാരിന്റെ ഉത്തേജന പരിശ്രമങ്ങളുടെ ഭാഗമായാണ്.

പത്ത് പൊതുമേഖലാ ബാങ്കുകളെ നാലാക്കി ചുരുക്കിയും വാഹനവിപണിയിൽ ആവശ്യം വർധിപ്പിക്കാൻ നടപടിയെടുത്തും അടിസ്ഥാന സൗകര്യം വികസന രംഗത്ത് കൂടുതൽ പണം ചിലവഴിച്ചും പുതിയ സംരംഭങ്ങൾക്ക് നികുതി ഇളവ് നൽകിയും സർക്കാർ ഇടപെട്ടു. പക്ഷെ, ഇതൊന്നും വേണ്ടവിധം ഫലം കണ്ടില്ലെന്നാണ് ഇപ്പോഴത്തെ നില സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര മോണിറ്ററി ഫണ്ടും ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 6.1 ശതമാനമാണ് ഐഎംഎഫിന്റെ കണക്കിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങൾ 2020 ൽ ഗുണം ചെയ്യുമെന്നും വളർച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യ മുന്നിൽ തന്നെയാണുള്ളത്.

click me!