മിനിറ്റില്‍ 1.5 കോടി, മണിക്കൂറില്‍ 90 കോടി; ലോക്ക്ഡൗണിലെ മുകേഷ് അംബാനിയുടെ വളര്‍ച്ച ഇങ്ങനെ

By Web TeamFirst Published Sep 29, 2020, 5:18 PM IST
Highlights

തുടര്‍ച്ചയായ ഒന്‍പതാം തവണയും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന ഖ്യാതി നേടിയ മുകേഷ് അംബാനിയുടെ ആസ്തി 2.77 ലക്ഷം കോടിയില്‍ നിന്ന് 6.58 ലക്ഷം കോടിയിലേക്കാണ് ഉയര്‍ന്നത്.
 

മുംബൈ: ഭൂമിയിലെ അതിസമ്പന്നരുടെ പട്ടികയില്‍ കൊവിഡിന് ശേഷം ഏറ്റവും മുന്നേറ്റം നേടിയ വ്യക്തിയാരെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി ഉത്തരം പറയാം, അത് മുകേഷ് അംബാനിയാണ്. ഇന്ന് ഐഐഎഫ്എല്‍ പുറത്തുവിട്ട വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച് ലിസ്റ്റ് 2020 പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തിയിലുണ്ടായ വര്‍ധനവ് ആരെയും അമ്പരപ്പിക്കുന്നതാണ്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ 90 കോടി വീതമാണ് അദ്ദേഹം മണിക്കൂറില്‍ നേടിയത്.

തുടര്‍ച്ചയായ ഒന്‍പതാം തവണയും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന ഖ്യാതി നേടിയ മുകേഷ് അംബാനിയുടെ ആസ്തി 2.77 ലക്ഷം കോടിയില്‍ നിന്ന് 6.58 ലക്ഷം കോടിയിലേക്കാണ് ഉയര്‍ന്നത്. റിലയന്‍സ് റീട്ടെയ്ല്‍ സംരംഭത്തില്‍ അമേരിക്കന്‍ കമ്പനിയായ സില്‍വര്‍ ലേക് 7500 കോടി നിക്ഷേപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കൊവിഡ് കാലത്ത് ജിയോ പ്ലാറ്റ്‌ഫോമില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചതോടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന് ഡെബ്റ്റ് ഫ്രീ എന്ന നേട്ടവും സ്വന്തമാക്കാനായിരുന്നു. ചൈനീസ് സ്ഥാപനമായ അലിബാബ ലോകത്താകെ നേടിയ വളര്‍ച്ചയ്ക്ക് സമാനമായി ഇ-കൊമേഴ്‌സ് രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാനാണ് 63കാരനായ മുകേഷ് അംബാനിയുടെ ശ്രമം.

തൊടുന്നതെല്ലാം പൊന്നാക്കുന്ന അംബാനിയുടെ ഓരോ നീക്കവും സസൂക്ഷ്മം വീക്ഷിക്കുകയാണ് ആഗോള കമ്പനികള്‍. അംബാനിയുടെ ഏത് സംരംഭത്തിലും നിക്ഷേപം നടത്താന്‍ വന്‍കിടക്കാര്‍ കാത്തുനില്‍ക്കുന്നു. അതിനാല്‍ തന്നെ അംബാനിയുടെ ലോകം ഇനിയും വികസിക്കുക തന്നെയാവും.
 

click me!