Mukesh Ambani succession : തലമുറ മാറ്റത്തിന് റിലയൻസ്; സ്വത്ത് തർക്കം ഇല്ലാതിരിക്കാൻ കരുതലോടെ അംബാനി

By Web TeamFirst Published Jan 5, 2022, 1:34 PM IST
Highlights

ഈ തലമുറ മാറ്റത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് സൂപ്പർസ്റ്റാർ ബിസിനസുകളുടെ ആവിർഭാവം ഉണ്ടാകുമെന്നാണ് കരുതുന്നത്

മുംബൈ: റിലയൻസ് എന്ന വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്ത് തലമുറ മാറ്റം അനിവാര്യമായി വന്നിരിക്കുന്നുവെന്നാണ് ഇന്ത്യയിലെയെന്നല്ല, ഏഷ്യൻ വൻകരയിലെ തന്നെ ഏറ്റവും ധനികനായ മുകേഷ് അംബാനി പറഞ്ഞത്. മുകേഷ് അംബാനി തന്റെ 217 ബില്യൺ ഡോളർ വലിപ്പമുള്ള വ്യവസായ സാമ്രാജ്യം എങ്ങിനെ വീതംവെക്കുമെന്നതാണ് ഇപ്പോൾ ബിസിനസ് ലോകത്തെ പ്രധാന ചർച്ച. 

ഈ തലമുറ മാറ്റത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് സൂപ്പർസ്റ്റാർ ബിസിനസുകളുടെ ആവിർഭാവം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതാത് സെക്ടറുകളിൽ വൻ ലാഭവുമായി മുന്നേറുന്നതാവും ഈ വ്യവസായ സംരംഭങ്ങളെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

2002 ൽ ധിരുഭായ് അംബാനിയുടെ മരണത്തെ തുടർന്ന് സഹോദരൻ അനിൽ അംബാനിയുമായുണ്ടായ സ്വത്ത് തർക്കത്തിന്റെ എല്ലാ ദുഷ്കീർത്തികളും നേരിട്ടറിഞ്ഞയാളാണ് മുകേഷ് അംബാനി. അതിനാൽ തന്നെ 64കാരനായ അദ്ദേഹം ഇനിയും അത്തരമൊരു തർക്കത്തിലേക്ക് കുടുംബം പോകരുതെന്ന നിലപാടുള്ളയാളുമാണ്. അതിനായി റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ ഒരു ട്രസ്റ്റ് മാതൃകയിലേക്ക് മാറ്റാണ് ആലോചനയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ ഭരണസമിതിയിൽ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ ഇരട്ടകളായ ആകാശും ഇഷയും ഇവരുടെ ഇളയ സഹോദരൻ ആനന്തും ഈ ബോർഡിലുണ്ടാകും. അതിലൂടെ തങ്ങളുടെ വ്യവസായ സാമ്രാജ്യത്തെ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ.

നിലവിലുള്ള എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ ആസ്തികൾ എന്നിവ വിഭജിക്കാനുള്ള മികച്ച ഓപ്ഷനാണ് കുടുംബം സംയുക്തമായി മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കുന്നത് എന്നതുകൊണ്ടാണ് ഈ നിലയിലുള്ള ആലോചന. അതേസമയം മൂന്ന് സൂപ്പർസ്റ്റാർ ബിസിനസ് മാതൃക മൂന്ന് മക്കൾക്കെന്ന നിലയിൽ മുകേഷ് അംബാനി നോക്കിവെച്ചിട്ടുണ്ട്. ഊർജ്ജം, ടെലികോം, ചില്ലറ വ്യാപാരം എന്നീ മേഖലകളിൽ വലിയ കുതിപ്പാണ് അംബാനി നോട്ടമിടുന്നത്.

സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ തുടങ്ങിയ ഊർജ്ജോൽപ്പാദന മേഖലകളിൽ വൻ നിക്ഷേപം നടത്തി ക്ലീൻ എനർജി രംഗത്തേുള്ള മുന്നേറ്റത്തിലേക്കാണ് റിലയൻസ് നീങ്ങുന്നത്. കാലങ്ങളായി ഊർജ്ജ രംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയും നടത്താത്ത പരീക്ഷണമാണ് റിലയൻസിന്റേത്. അതിനാൽ തന്നെ ഈ ഘട്ടത്തിൽ കുടുംബത്തിലൊരു അസ്വാരസ്യം മുകേഷ് അംബാനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

അംബാനി കുടുംബത്തിന് മുന്നേറ്റം നേടാൻ ആഗ്രഹമുള്ള മറ്റൊരു സെക്ടർ ടെലികോം രംഗമാണ്. റിലയൻസ് ജിയോ ഇൻഫോകോം (Reliance Jio Infocomm)  ലിമിറ്റഡ്, വിപണി വിഹിതത്തിലെ നേട്ടം ലക്ഷ്യമിട്ട് എക്കാലത്തെയും വലിയ ബോണ്ട് വിൽപ്പനയിലേക്ക് നീങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. 2016 ൽ ഈ സെക്ടറിൽ കടന്നുവരുമ്പോൾ 12 എതിരാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ജിയോ ഒന്നാമതെത്തിയപ്പോഴേക്കും എതിരാളികളുടെ എണ്ണം മൂന്നായി ചുരുങ്ങി. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവാണ് ജിയോ( Jio). അഞ്ച് വർഷ കാലാവധിയുള്ള ബോണ്ടുകളിലൂടെ 50 ബില്യൺ രൂപ അല്ലെങ്കിൽ 671 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ശ്രമം. അതുവഴി 5ജി സേവനരംഗത്തും അതിന്റെ വരുംകാല ഭാവിയിലും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

പക്ഷെ വൻ കുതിപ്പ് ലക്ഷ്യമിടുന്ന ചില്ലറ വ്യാപാര രംഗത്ത് റിലയൻസിന് കാര്യങ്ങൾ എളുപ്പമാകില്ല. വാട്ട്‌സ്ആപ്പ് ചാറ്റ് സേവനത്തിലൂടെ ഓർഡറുകൾ സ്വീകരിക്കുന്ന അയൽപക്ക ഷോപ്പുകളുടെ കൂട്ടുകെട്ടുണ്ടാക്കി മുന്നേറാനാണ് റിലയൻസ് ശ്രമം. എന്നാൽ ആമസോണും ഫ്ലിപ്കാർട്ടും അടക്കം വമ്പന്മാരുള്ള വിപണിയിൽ റിലയൻസിന് കാര്യങ്ങൾ എളുപ്പമല്ല.  കടക്കെണിയിലായ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന്റെ ആസ്തികൾ വാങ്ങാനുള്ള ശ്രമം എങ്ങുമെത്താതെ നിൽക്കുന്നത് തന്നെ ആമസോൺ എന്ന എതിരാളി റിലയൻസിന്റെ റീടെയ്ൽ രംഗത്തേക്കുള്ള വരവിനെ എങ്ങിനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവാണ്.

click me!