ഇന്ത്യയിലെ ഏറ്റവും വലിയതും കാര്യക്ഷമതയേറിയതുമായ വിമാനക്കമ്പനിയായി ഇന്‍ഡിഗോയെ വളര്‍ത്തിയെടുത്ത വ്യക്തിയായ രാഹുല്‍ ഭാട്ടിയ തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

പൈലറ്റുമാര്‍ക്കുള്ള പുതിയ ഡ്യൂട്ടി സമയ നിയമങ്ങള്‍ നിലവില്‍ വന്നതോടെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജീവനക്കാര്‍ക്ക് കൂടുതല്‍ വിശ്രമം നിര്‍ബന്ധമാക്കിയ നിയമങ്ങള്‍ കാരണം നൂറുകണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയതും കാര്യക്ഷമതയേറിയതുമായ വിമാനക്കമ്പനിയായി ഇന്‍ഡിഗോയെ വളര്‍ത്തിയെടുത്ത വ്യക്തിയായ രാഹുല്‍ ഭാട്ടിയ തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

ആരാണ് രാഹുല്‍ ഭാട്ടിയ?

ഇന്ത്യയിലെ ഏറ്റവും ശക്തമായ വ്യോമയാന ഗ്രൂപ്പുകളിലൊന്നിന് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും, രാഹുല്‍ ഭാട്ടിയ പൊതുരംഗത്ത് അധികം ശ്രദ്ധിക്കപ്പെടാത്ത വ്യക്തിയാണ്. ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറും ഇന്‍ഡിഗോയുടെ സഹസ്ഥാപകനുമാണ് അദ്ദേഹം. വ്യോമയാന വിദഗ്ധനായ രാകേഷ് ഗങ്വാളുമായി ചേര്‍ന്നാണ് രാഹുല്‍ ഭാട്ടിയ 2006-ല്‍ ഇന്‍ഡിഗോയ്ക്ക് തുടക്കം കുറിച്ചത്. കൃത്യസമയത്ത് സര്‍വീസ് നടത്തുന്നതിലൂടെ പ്രശസ്തമായ ഈ വിമാനക്കമ്പനി ഇന്ന് 65 ശതമാനത്തിലധികം ആഭ്യന്തര വിപണി വിഹിതവുമായി 137-ല്‍ അധികം സ്ഥലങ്ങളിലേക്ക് ദിനംപ്രതി 2,700-ലധികം സര്‍വീസുകള്‍ നടത്തുന്നു. സ്ഥാപകരായ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഗങ്വാള്‍ 2022-ല്‍ ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞു. ഇതോടെ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ മാനേജിംഗ് ഡയറക്ടറായി രാഹുല്‍ ഭാട്ടിയ നിയമിതനാകുകയും ഇന്‍ഡിഗോയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

ടെലികോം മുതല്‍ വ്യോമയാനം വരെ

കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ വ്യക്തിയാണ് രാഹുല്‍ ഭാട്ടിയ. ഡല്‍ഹി എക്‌സ്പ്രസ് ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന പിതാവ് കപില്‍ ഭാട്ടിയയിലൂടെ യാത്രാമേഖലയെക്കുറിച്ച് നേരത്തേ തന്നെ അദ്ദേഹം പഠിച്ചിരുന്നു. രാഹുല്‍ ഭാട്ടിയയുടെ ആദ്യ ബിസിനസ് സംരംഭം ടെലികോം മേഖലയിലായിരുന്നുവെങ്കിലും, റെഗുലേറ്ററി തടസ്സങ്ങള്‍ കാരണം അത് വിജയിച്ചില്ല. പിന്നീട് അദ്ദേഹം വ്യോമയാന, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളില്‍ സാന്നിധ്യമുള്ള വന്‍കിട സ്ഥാപനമാണ് ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്. ഫ്രാന്‍സിലെ അക്കോറുമായി ചേര്‍ന്നുള്ള ഇദ്ദേഹത്തിന്റെ ഇന്റര്‍ഗ്ലോബ് ഹോട്ടല്‍സ് ഇന്ത്യയിലും വിദേശത്തുമായി 34-ല്‍ അധികം ഹോട്ടലുകള്‍ നടത്തുന്നുണ്ട്.

രാഹുല്‍ ഭാട്ടിയയുടെ നിലവിലെ ആസ്തി

ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം, രാഹുല്‍ ഭാട്ടിയയുടെ നിലവിലെ ആസ്തി 8.1 ബില്യണ്‍ ഡോളറാണ് (ഏകദേശം 67,000 കോടി രൂപ). ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളായി ഇത് അദ്ദേഹത്തെ മാറ്റുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ ഇന്‍ഡിഗോ

പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം നിര്‍ബന്ധമാക്കിയ പുതിയ നിയമങ്ങള്‍ കാരണം ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ അടുത്തിടെ വലിയ തോതില്‍ താളം തെറ്റിയിരുന്നു. ഈ നിയമം നടപ്പിലാക്കുന്നതിന് കമ്പനി പൂര്‍ണ്ണമായി തയ്യാറായിരുന്നില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ദിവസേന 220-ല്‍ അധികം സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രാത്രികാല സര്‍വീസുകള്‍ സംബന്ധിച്ച നിയമങ്ങളില്‍ ഇപ്പോള്‍ താത്കാലിക ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും, ഇന്‍ഡിഗോ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് പൂര്‍ണ്ണമായി തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ്.