മുന്ദ്ര തുറമുഖത്തിലെ ലഹരി വേട്ട: 16 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Published : Mar 14, 2022, 09:45 PM IST
മുന്ദ്ര തുറമുഖത്തിലെ ലഹരി വേട്ട: 16 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Synopsis

 2988.21 കിലോ മയക്കുമരുന്നാണ് മുന്ദ്ര തുറമുഖത്ത് വെച്ച് കഴിഞ്ഞ വർഷം പിടിച്ചെടുത്തത്

ഗാന്ധിനഗർ: മുന്ദ്ര തുറമുഖത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പതിനാറ് പേരാണ് പ്രതികൾ. 2988.21 കിലോ മയക്കുമരുന്നാണ് മുന്ദ്ര തുറമുഖത്ത് വെച്ച് കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. തമിഴ്നാട് സ്വദേശികളായ എം സുധാകർ, ഗോവിന്ദരാജു, രാജ്‌കുമാർ പെരുമാൾ, യുപി സ്വദേശി പ്രദീപ് കുമാർ, അഫ്ഗാൻ സ്വദേശികളായ മുഹമ്മദ് ഖാൻ, മുഹമ്മദ് ഹുസൈനി, ഫർദിൻ അമേരി, ശോഭൻ ആര്യൻഫാർ, എ മൊഹമ്മദ് ഖാൻ, മുർതാസ ഹക്കീമി എന്നിവരാണ് കേസിൽ പിടിയിലായത്.

കേസിൽ ഒളിവിൽ കഴിയുന്ന അഫ്ഗാൻ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, മൊഹമ്മദ് ഹസൻ, നജീബുള്ള ഖാൻ, ഇസ്മത് ഉല്ലാ ഹനാരി, അബ്ദുൾ ഹദി അലിസദ, ഇറാൻ സ്വദേശി ജവാദ് നജാഫി എന്നിവർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. 1985 ലെ നാർകോടിക്സ് നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും 1967 ലെ യുഎപിഎ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

സെപ്തംബർ 12 ന് 3000 കിലോ ഹെറോയിനുമായി മുന്ദ്രാ തുറമുഖത്ത് നിന്ന് കണ്ടെയ്നർ പിടിച്ചെടുത്തിരുന്നു. അഫ്‍ഗാനിൽ നിന്നുള്ള ഈ കണ്ടെയ്നർ ഇറാൻ വഴിയാണ് ഗുജറാത്ത് തുറമുഖത്തെത്തിയത്. ആദ്യം ഡിആർഐ ആണ് കേസന്വേഷിച്ചത്. അഫ്ഗാൻ പൗരൻമാർ അടക്കം എട്ടുപേരുടെ അറസ്റ്റും അന്ന് രേഖപ്പെടുത്തി. 

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്ന സൂചനയാണ് ഡിആർഐ തുടക്കം മുതൽ നൽകിയത്. അഫ്ഗാനിസ്ഥാനിൽ നിരോധനമുണ്ടായിരുന്ന ഹെറോയിൻ ഇത്രയും വലിയ അളവിൽ കയറ്റി അയച്ചത് താലിബാൻ അധികാരമേറ്റതിന് ശേഷമാണെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദില്ലിയിലും നോയിഡയിലും നടത്തിയ റെയ്ഡിൽ 30 കിലോയിലേറെ ഹെറോയിൻ കണ്ടെത്തിയിരുന്നു. ദില്ലിയിലെ ഒരു ഗോഡൗണിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചത്. നേരത്തെയും വലിയതോതിൽ ലഹരികടത്ത് നടന്നിട്ടുണ്ടാകാമെന്നാണ് വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡ് നൽകുന്ന ചിത്രം.

PREV
click me!

Recommended Stories

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ; ആർക്കൊക്കെ നഷ്ടം വരും?
വായ്പ എടുത്തിട്ടുണ്ടോ? പലിശ കുറച്ച് എസ്ബിഐ; ഇഎംഐയുടെ ഭാരം കുറയും