മുത്തൂറ്റ് ബിസിനസ് സ്‌കൂളിന് തുടക്കം, വിദ്യാർത്ഥികൾക്ക് പ്രീ-പിജിഡിഎം പെയ്ഡ് ഇന്റേണ്‍ഷിപ്പ്

Published : Jul 20, 2025, 09:57 AM IST
Muthoot Business School

Synopsis

കൊച്ചിയില്‍ പ്രീ-പിജിഡിഎം പെയ്ഡ് ഇന്റേണ്‍ഷിപ്പ് പരിപാടി ആദ്യമായി ലഭ്യമാക്കിക്കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് മുത്തൂറ്റ് ബിസിനസ് സ്‌കൂള്‍ അവതരിപ്പിച്ചു

മുത്തൂറ്റ് ഗ്രൂപ്പ് കൊച്ചിയില്‍ മുത്തൂറ്റ് ബിസിനസ് സ്‌കൂള്‍ ആരംഭിച്ചു. അകാദമിക് മികവുകളും വ്യവസായങ്ങളുമായുള്ള സംയോജനവും സാങ്കേതികവിദ്യാ നേട്ടങ്ങളും ധാര്‍മികമായ നേതൃത്വവുമെല്ലാം സംയോജിപ്പിച്ചുള്ള രീതിയാണ് നിയോ ടെക് ഗ്ലോബല്‍ കോര്‍പ്പറേറ്റ് ബിസിനസ് സ്‌കൂള്‍ എന്ന മുത്തൂറ്റ് ബിസിനസ് സ്‌കൂള്‍ പിന്തുടരുക.

ഗ്രൂപ്പ് നേതൃത്വത്തിന്റേയും വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും സാന്നിധ്യത്തില്‍ ശശി തരൂര്‍ എം.പി ബിസിനസ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. ഫലകം അനാച്ഛാദനം ചെയ്ത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തി വിദ്യാഭ്യാസത്തിലൂടെ രാഷ്ട്ര നിര്‍മാണത്തിനു ഗ്രൂപ്പ് നല്‍കുന്ന സേവനങ്ങളെ പ്രശംസിച്ചു. മൂത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷ പ്രസംഗം നടത്തി. മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് മുഖ്യ പ്രഭാഷണം നടത്തി.

മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍മാരായ ജോര്‍ജ്ജ് എം ജോര്‍ജ്ജ്, ജോര്‍ജ്ജ് മുത്തൂറ്റ് ജേക്കബ്ബ്, മുത്തൂറ്റ് ബിസിനസ് സ്‌കൂള്‍ സ്ഥാപക ഡയറക്ടറും അകാദമിക്‌സ് ഡീനുമായ പ്രൊഫ. ഡോ. ആനന്ദ് അഗ്രവാള്‍, മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇഡിയും സിഒഒയുമായ കെ ആര്‍ ബിജിമോന്‍, എംഐടിഎസ് പ്രിന്‍സിപാള്‍ പി സി നീലകണ്ഠന്‍, മുത്തൂറ്റ് ബിസനസ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡീന്‍ പ്രൊഫ. ഡോ ഡേവിഡ് ടെറേലാഡ്‌സേ, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ പി പദ്മകുമാര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിശ്വാസ്യതയുള്ള സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുത്ത് ജീവിതങ്ങളെ ശാക്തീകരിക്കുക എന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ് എംബിഎസിന്റെ അവതരണം. ഇവയില്‍ അടിയുറച്ചു കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് പ്രസക്തിയുള്ള അകാദമിക് മികവുകളും ആഗോള തലത്തിലെ അവസരങ്ങളും ലഭ്യമാക്കുന്നതാണ് മുത്തൂറ്റ് ബിസിനസ് സ്‌കൂളിന്റെ രീതി.

 

വിദ്യാഭ്യാസ രംഗത്തേക്കു കടന്നു വരുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ കാഴ്ചപ്പാടുകളെ ഉദ്ഘാടന പ്രസംഗത്തില്‍ ശശി തരൂര്‍ എംപി ശ്ലാഘിച്ചു. ധാര്‍മികതയും സഹാനുഭൂതിയും ആഗോള ചിന്താഗതിയുമുള്ള ബിസിനസ് നേതാക്കളാണു വേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യഥാര്‍ത്ഥ ലോകത്തിലെ അനുഭവങ്ങള്‍ ലഭ്യമാക്കുന്ന രീതിയില്‍ പഠന രംഗത്തെ മികവുകള്‍ സംയോജിപ്പിക്കുകയും പ്രീ-പിജിഡിഎം ഇന്റേണ്‍ഷിപ്പുകള്‍ വഴി തൊഴിലുമായി ബന്ധിപ്പിച്ച പഠന രീതി ആവിഷ്‌ക്കരിക്കുകയും എഐ, ബ്ലോക്ക് ചെയിന്‍ പോലുള്ള അത്യാധുനീക രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന എംബിഎസിനെ ശശി തരൂര്‍ പ്രശംസിച്ചു. ആഗോള തലത്തിലുള്ള നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായതാണ് ഈ സ്ഥാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കണം ഇന്നത്തെ സ്ഥാപനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധാര്‍മികതയില്ലാത്ത വാണിജ്യത്തിനെതിരായ മഹാത്മാഗാന്ധിയുടെ മുന്നറിയിപ്പ് ഉയര്‍ത്തിക്കാട്ടിക്കാട്ടിക്കൊണ്ട് മനസാക്ഷിയും സുസ്ഥിരതയുമുള്ള കോര്‍പ്പറേറ്റ് ലോകമാണു വേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേവലം വിപണിക്കു വേണ്ടി മാത്രമല്ല നിങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതെന്നും സമൂഹത്തിനു രൂപം നല്‍കാന്‍ നിങ്ങള്‍ പര്യാപ്തരായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളോടു പറഞ്ഞു.

മുത്തൂറ്റ് കുടുംബത്തിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും നയിച്ച മൂത്തൂറ്റ് ഗ്രൂപ്പ് ആറു ദശാബ്ദത്തിലേറെയായി സമൂഹത്തിനു പ്രസക്തമായ രീതിയില്‍ അഭിവൃദ്ധിയോടു കൂടിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയായിരുന്നു എന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച മൂന്നു റാങ്കുകളില്‍ ഉള്‍പ്പെട്ട എഞ്ചിനീയറിങ് കോളേജ് ഉള്‍പ്പെടെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് ആശുപത്രികളും ഉള്‍പ്പെടെ രാഷ്ട്ര നിര്‍മാണത്തിനായുള്ള സേവനങ്ങളില്‍ സ്ഥിരമായി ഊന്നിയാണ് തങ്ങളുടെ സേവനങ്ങള്‍ തുടരുന്നത്. ഇന്ന് തങ്ങള്‍ ശക്തമായ പുതിയൊരു ചുവടുവെപ്പു നടത്തുകയാണ്. നിയോ ടെക് ഗ്ലോബല്‍ കോര്‍പ്പറേറ്റ് ബിസിനസ് സ്‌കൂളിനു തുടക്കം കുറിച്ചതോടെ തങ്ങള്‍ കേവലം പുതിയൊരു സ്ഥാപനം ആരംഭിക്കുകയല്ല ചലനാത്മകമായ ഒരു കാഴ്ചപ്പാടു സ്ഥാപിക്കുകയാണു ചെയ്യുന്നത്. നേതാക്കളെ സൃഷ്ടിക്കുന്നതില്‍ നേതാക്കളിലുള്ള തങ്ങളുടെ വിശ്വാസമാണിതു പ്രതിഫലിപ്പിക്കുന്നത്. മുന്‍കാല പാരമ്പര്യത്തില്‍ ഉറച്ചു നിന്നു കൊണ്ട് ഭാവിയിലേക്കുള്ള ഒരു കാഴ്ചപ്പാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തൂറ്റ് ബിസിനസ് സ്‌കൂളിന്റെ മുഖ്യ സവിശേഷതകള്‍

പ്രീ-പിജിഡിഎം പെയ്ഡ് ഇന്റേണ്‍ഷിപ്പ് ലഭ്യമാക്കുന്ന സവിശേഷമായ നവീന നീക്കമാണ് എംബിഎസ് അവതരിപ്പിക്കുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികല്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പുമായി ചേര്‍ന്ന് മൂന്നു മാസത്തെ പെയ്ഡ് ഇന്റേണ്‍ഷിപിന് അവസരം ലഭിക്കും. പ്രതിമാസം 25,000 രൂപ നേടാനും യഥാര്‍ത്ഥ ബിസിനസ് ചുമതലകള്‍ നിര്‍വഹിക്കാനും പ്രീ-പ്ലെയ്‌സ്‌മെന്റ് അവസരങ്ങള്‍ വഴി 9 ലക്ഷം രൂപ വരെ എല്‍പിഎ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ നേടാനും ഇതുവഴി അവസരം ലഭിക്കുകയും ചെയ്യും.

എഐസിടിഇ അംഗീകാരമുള്ള രണ്ടു വര്‍ഷത്തെ പിജിഡിഎം കോഴ്‌സാണ് എംബിഎസ് അവതരിപ്പിക്കുന്നത്. സാങ്കേതികവിദ്യയിലും വ്യവസായത്തിലും ശക്തമായ ശ്രദ്ധ പതിപ്പിക്കുന്നതു കൂടിയാണിതിന്റെ രീതി. ഉയര്‍ന്ന ഡിമാന്റ് ഉള്ളതും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതുമായ താഴെ പറയുന്ന സ്‌പെഷലൈസേഷനുകള്‍ക്കാണിവിടെ ശ്രദ്ധ നല്‍കുന്നത്.

 

എച്ച്ആര്‍എമ്മിന്റെ കൂടെ അനലിറ്റിക്‌സ്: ആധുനിക തൊഴിലിടങ്ങള്‍ക്കായുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള തന്ത്രങ്ങളാണിതിലുള്ളത്

ഫിന്‍ടെകുമായുള്ള ഫിനാന്‍സ്: സാമ്പത്തിക സാങ്കേതികവിദ്യകളുടേയും ഡിജിറ്റല്‍ സമ്പദ്ഘടനയുടേയും ഭാവി പ്രയോജനപ്പെടുത്തുന്നതാണിത്.

മാര്‍ക്കറ്റിങും അനലറ്റിക്‌സും: ഡാറ്റാ സയന്‍സിന്റെ പിന്തുണയോടെയുള്ള ആധുനിക ഉപഭോക്തൃ കാഴ്ചപ്പാടുകളാണിതില്‍ പ്രയോജനപ്പെടുത്തുന്നത്

ഡാറ്റാ സയന്‍സും ബിസിനസ് ഇന്റലിജന്‍സും: നിര്‍മിത ബുദ്ധി, ബിഗ് ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായ ബിസിനസ് തീരുമാനങ്ങള്‍ക്ക് സഹായിക്കുന്നതാണിത്.

 

അനുഭവങ്ങളില്‍ അധിഷ്ഠിതമായ പഠനം, ലൈവ് ബിസിനസ് പദ്ധതികള്‍, പരീക്ഷണാധിഷ്ഠിത പഠനം തുടങ്ങിയവയില്‍ ആഴത്തില്‍ ഊന്നിയുള്ളതാണ് മുത്തൂറ്റ് ബിസിനസ് സ്‌കൂളിന്റെ പാഠ്യപദ്ധതി. തൊഴില്‍ദാതാക്കള്‍ മുഖ്യമായി മൂല്യം കല്‍പിക്കുന്ന പ്രായോഗിക കഴിവുകള്‍ നേടാന്‍ ഇതു വിദ്യാര്‍ത്ഥികളെ സഹായിക്കും.

വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിചയപ്പെടുത്തുന്നതും വിവിധ സംസ്‌ക്കാരങ്ങളിലെ ബിസിനസുകള്‍ മനസിലാക്കുന്നതുമായ രീതിയില്‍ അന്താരാഷ്ട്ര വിനിമയ പദ്ധതികളും ഗ്ലോബല്‍ ലേണിങ് നീക്കങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. ഭാവിയിലേക്കു കണ്ണു നട്ടുള്ളതും ബ്ലോക്ക് ചെയിന്‍ നിര്‍മിത ബുദ്ധി, മെറ്റാവേഴ്‌സ് തുടങ്ങിയ വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകളില്‍ ഊന്നിയുള്ളതുമായ പഠന രീതികള്‍ വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ മുന്നിട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.

ഓരോ വിദ്യാര്‍ത്ഥിക്കും ഗുണകരമാകുന്നതാണ് ഇന്‍ഡിവിജ്വല്‍ ഡെലവപ്‌മെന്റ് പ്ലാനുകള്‍ (ഐഡിപി). പരിചയ സമ്പന്നരായ മെന്റര്‍മാര്‍ വികസിപ്പിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതും പ്രത്യേകമായ സ്റ്റുഡന്റ് സക്‌സസ് സെന്റര്‍ വഴി നടപ്പാക്കുന്നതുമായ ഇവ പഠന പരിശീലനവും കരിയര്‍ ആസൂത്രണവും കോഴ്‌സിന്റെ കാലഘട്ടത്തില്‍ മുഴുവനും സാധ്യമാക്കും.

എല്ലാവരേയും ഉള്‍പ്പെടുത്തിയും ശാക്തീകരിച്ചും മുന്നേറുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ ദൗത്യത്തിന്റെ ചുവടു പിടിച്ച് കഴിവിന്റെ അടിസ്ഥാനത്തിലും ആവശ്യത്തിന്റെ അടിസ്ഥാനത്തിലും ഉള്ള സ്‌കോളര്‍ഷിപുകളും എംബിഎസ് നല്‍കുന്നുണ്ട്. അന്താരാഷ്ട്ര ഗ്രാന്റുകള്‍ വഴി കഴിവുകള്‍ വളര്‍ത്താനുള്ള അവസരവും സാമ്പത്തിക പശ്ചാത്തലങ്ങള്‍ കണക്കിലെടുക്കാതെ ലഭ്യമാക്കും.

 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി