ടാറ്റ സൺസ് എക്സിക്യുട്ടീവ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും; കാലാവധി 5 വർഷം കൂടി നീട്ടി

Published : Feb 11, 2022, 08:11 PM IST
ടാറ്റ സൺസ് എക്സിക്യുട്ടീവ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും; കാലാവധി 5 വർഷം കൂടി നീട്ടി

Synopsis

ബോർഡ് യോഗം ഐകകണ്ഠേനയാണ് എക്സിക്യുട്ടീവ് ചെയർമാന്റെ കാലാവധി നീട്ടിയത്. സ്ഥാനത്ത് തുടരാൻ സാധിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചന്ദ്രശേഖരൻ 

മുംബൈ: എൻ ചന്ദ്രശേഖരൻ ടാറ്റ സൺസ് എക്സിക്യുട്ടീവ് ചെയർമാനായി തുടരും. 58കാരനായ ഇദ്ദേഹത്തിന് അഞ്ച് വർഷം കൂടി ചുമതല നീട്ടി നൽകാൻ ഇന്ന് ചേർന്ന ടാറ്റ സൺസ് ബോർഡ് യോഗം തീരുമാനിച്ചു. ഗ്രൂപ്പിന്റെ രക്ഷാധികാരിയായ രത്തൻ ടാറ്റ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പിന്റെ മുന്നേറ്റത്തിൽ സംതൃപ്തിയുണ്ടെന്ന് രത്തൻ ടാറ്റ യോഗത്തിൽ വ്യക്തമാക്കി. ബോർഡ് യോഗം ഐകകണ്ഠേനയാണ് എക്സിക്യുട്ടീവ് ചെയർമാന്റെ കാലാവധി നീട്ടിയത്. സ്ഥാനത്ത് തുടരാൻ സാധിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചന്ദ്രശേഖരൻ പ്രതികരിച്ചു. 

കഴിഞ്ഞ അഞ്ച് വർഷം ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ടാറ്റ സൺസ് നിർണായകമായ പല തീരുമാനങ്ങളും സ്വീകരിച്ചിരുന്നു. ടാറ്റ സ്റ്റീൽ, വ്യോമയാനം, ഡിജിറ്റൽ സെക്ടറുകളിൽ ഏറ്റെടുക്കലുകളും ലയനങ്ങളുമായി കമ്പനി മുന്നോട്ട് പോയപ്പോൾ സെല്ലുലാർ ടെലിഫോൺ സെക്ടറിൽ നിന്നുള്ള പൂർണ പിന്മാറ്റവും കമ്പനിക്ക് കരുത്തായി. 

ചന്ദ്രശേഖരൻ ആദ്യമെടുത്ത ചുവടും ടാറ്റ ടെലിസർവീസിന്റെ വിൽപനയായിരുന്നു. കമ്പനിയെ എയർടെലിന് വിറ്റ ടാറ്റ, കടബാധ്യതകൾ ഏറ്റെടുക്കുകയായിരുന്നു. 2018 മെയ് മാസത്തിൽ 35200 കോടി രൂപയ്ക്ക് ടാറ്റ സ്റ്റീൽ, ഭുഷൺ സ്റ്റീലിനെ ഏറ്റെടുത്തു. തങ്ങളുടെ യൂറോപ്യൻ ബിസിനസ് വിൽക്കാനുള്ള ടാറ്റ സ്റ്റീലിന്റെ ശ്രമം ഇതുവരെ ഫലം കണ്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ടെണ്ടർ ടാറ്റ സൺസ് നേടിയത്. 18000 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കൽ. ഈ നീക്കത്തോടെ എയർലൈൻ വ്യവസായത്തിന്റെ 25 ശതമാനം വിപണിയും ഇപ്പോൾ ടാറ്റയുടെ പക്കലാണ്. ടാറ്റ സൂപ്പർ ആപ്പാണ് ചന്ദ്രശേഖരന്റെ കാലത്തെ മറ്റൊരു പ്രധാന ചുവടുവെപ്പ്. 2021 മെയ് മാസത്തിൽ ഇവർ ബിഗ് ബാസ്കറ്റിനെ ഏറ്റെടുത്തിരുന്നു. ഇതോടെ ഫ്ലിപ്കാർട്ടും ആമസോണും ജിയോ മാർട്ടും വാഴുന്ന ഇ-കൊമേഴ്സ് വിപണിയിലും കാലൂന്നുകയായിരുന്നു ടാറ്റ സൺസ്.

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം