നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി സമാഹരിക്കും, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രഖ്യാപിച്ചു

By Web TeamFirst Published Aug 23, 2021, 9:50 PM IST
Highlights

പദ്ധതിയിൽ ഉൾപ്പെടുന്നവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ദില്ലി: വരുന്ന നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇതുസംബന്ധിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എൻഎംപി) പദ്ധതി അനാവരണം ചെയ്തത്.

12 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 20 അസറ്റ് ക്ലാസുകൾ അസറ്റ് ധനസമ്പാദന പദ്ധതിയിൽ ഉൾപ്പെടുന്നു. റോഡുകൾ, റെയിൽവേ, വൈദ്യുതി എന്നിവയാണ് മൂല്യമനുസരിച്ച് മൂന്ന് പ്രധാന മേഖലകൾ. എൻഎംപിയിൽ ഭൂമി ഉൾപ്പെടുന്നില്ല, എന്നാൽ ഇതിനകം തന്നെ നിക്ഷേപം നടത്തിയിട്ടുള്ള ബ്രൗൺ ഫീൽഡ് പ്രോജക്ടുകൾ ധനസമ്പാദനം നടത്തുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 

ഒരു ആസ്തിയും പൂര്‍ണമായി വിറ്റഴിക്കുകയല്ല, പകരം മെച്ചപ്പെട്ട രീതിയില്‍ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാനെന്നും ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുകയാണ് മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ വഴി ചെയ്യുന്നതെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ കാന്ത് വ്യക്തമാക്കി. പദ്ധതിയിൽ ഉൾപ്പെടുന്നവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

റെയിൽ റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതിയും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും. നാല് വർഷം കൊണ്ട് സർക്കാർ ആസ്തികളിൽ നിന്ന് വരുമാനം സമാഹരിക്കും.  ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!