Latest Videos

ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യം വെച്ച് തട്ടിപ്പുകാർ; പുതിയ രീതിയിൽ പണി കിട്ടുന്നത് ഹോട്ടലുകൾക്കും

By Web TeamFirst Published Dec 6, 2023, 3:20 PM IST
Highlights

ബുക്കിങ് പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് കടന്നുകയറുന്നില്ലെങ്കിലും ഹോട്ടലുകള്‍ ബുക്കിങ് പ്ലാറ്റ്ഫോമുകളുമായി തങ്ങളുടെ ഡേറ്റാബേസിനെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‍വെയറുകളിലാണ് ഹാക്കിങ് ഭീഷണി.

പ്രമുഖ ഹോട്ടല്‍ ബുക്കിങ് വെബ്‍സൈറ്റായ ബുക്കിങ് ഡോട്ട്കോം വഴി ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രഹസ്യ ഇന്റർനെറ്റ് ഫോറങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചാണ് ഇവർ  ഇരകളെ തിരയുന്നത്. ഹോട്ടലുകളുടെ ലോഗിൻ വിശദാംശങ്ങൾക്കായി 2000 ഡോളര്‍ പോലും നൽകാൻ തയ്യാറാവുകയും അത് ഉപയോഗിച്ച്, ഹോട്ടലുകളില്‍ താമസിക്കുന്ന അതിഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.  

ഹാക്കര്മാരുടെ പ്രവർത്തനം എങ്ങനെയാണെന്ന് കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.‌ Booking.com വെബ്‍സൈറ്റ് ഹാക്ക് ചെയ്‌തിട്ടില്ലെങ്കിലും ഓരോ ഹോട്ടലുകളും ബുക്കിങ് വെബ്‍സൈറ്റുകളുമായി ലിങ്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന തങ്ങളുടെ സോഫ്റ്റ്‍വെയര്‍ സംവിധാനങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബുക്കിങ് ഡോട്ട് കോം വഴി റൂമുകള്‍ ബുക്ക് ചെയ്ത ശേഷം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയായതായി യുകെ, ഇന്തോനേഷ്യ, സിംഗപ്പൂർ, ഗ്രീസ്, ഇറ്റലി, പോർച്ചുഗൽ, യുഎസ്, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കള്‍ പരാതി അറിയിച്ചിട്ടുണ്ട്. 

ഹോട്ടലില്‍ താമസിച്ചിരുന്ന സമയത്ത് തങ്ങളുടെ പാസ്പോർട്ടുകള്‍ അവിടെ വെച്ച് മറന്നുപോയെന്നും അത് തിരികെ കിട്ടാന്‍ സഹായിക്കണമെന്നും അപേക്ഷിച്ച് ഹോട്ടലിലേക്ക് ഇ-മെയില്‍ അയക്കുകയാണ് ആദ്യ പടി. ഹോട്ടല്‍ ജീവനക്കാരെ ലക്ഷ്യം വെയ്ക്കുന്ന ഇത്തരം മെയിലുകളില്‍ പാസ്‍പോര്‍ട്ടിന്റെ ചിത്രങ്ങളെന്ന പോലെ ചില രഹസ്യ പ്രോഗ്രാമുകളുടെ ലിങ്കുകളും നല്‍കും. പാസ്‍പോര്‍ട്ട് ചിത്രങ്ങള്‍ കാണാനായി ഇതില്‍ ഹോട്ടല്‍ ജീവനക്കാര്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ പ്രോഗ്രാമുകളുടെ സഹായത്തോടെ കംപ്യൂട്ടറുകളില്‍ നിന്ന് ബുക്കിങ് ഡോട്ട് കോമിന്റെ റിസര്‍വേഷന്‍ സംവിധാനത്തില്‍ കടന്നുകയറി ഹോട്ടലിലെ അതിഥികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് പദ്ധതി.

റൂമുകളോ ഹോളിഡേകളോ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇതുവഴി ശേഖരിക്കും. ശേഷം അവരെ നേരിട്ട് ബന്ധപ്പെട്ട് ബുക്കിങിനെന്ന പേരില്‍ പണം തട്ടുകയാണ് ചെയ്യുന്നത്. കൂടുതൽ ഹോട്ടൽ സംവിധാനങ്ങളുടെ സേവനങ്ങളിലേക്ക് കടന്നു കയറാനുള്ള വഴികൾ കൂടി ഇത്തരം ഹാക്കിങിലൂടെ സാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം ഹാക്കിങ് പോലെയുള്ള പ്രശ്നങ്ങളെ കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നാണ് ബുക്കിങ് ഡോട്ട് കോം.

തങ്ങളുമായി ബന്ധപ്പെടുന്ന ഹോട്ടലുകളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ സുരക്ഷിതമാക്കാനും നഷ്ടമായ പണം വീണ്ടെടുക്കാനും സഹായം നല്‍കുമെന്നും കമ്പനി പറയുന്നു. ഹോട്ടലുകൾ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ പോലുള്ള അധിക സുരക്ഷാ നടപടികൾ ചേർക്കണമെന്നാണ് സൈബർ-സുരക്ഷാ വിദഗ്ധരുടെ നിർദ്ദേശം. പണമിടപാടുകൾ നടത്തി കബളിപ്പിക്കാനായി നിർമ്മിക്കപ്പെട്ട വ്യാജ വെബ്‌സൈറ്റുകളിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നത് തടയാൻ ഇത്തരം ലിങ്കുകളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്താനും നിര്‍ദേശിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!