'ആ ടോൾ ഇനി പിരിക്കില്ല'; സുപ്രധാന തീരുമാനമെടുത്ത് ദേശീയപാതാ അതോറിറ്റി

By Web TeamFirst Published May 9, 2021, 7:01 PM IST
Highlights

തങ്ങളുടെ കരാറുകാരുടെ സഹായത്തോടെ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ടോൾ പിരിവിലെ ഈ തീരുമാനം.

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായ രണ്ടാം തരംഗത്തിൽ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യാൻ എല്ലാ കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും പരിശ്രമിക്കുന്നുണ്ട്. അപ്പോൾ മാറിനിൽക്കാൻ ദേശീയപാതാ അതോറിറ്റിക്കും കഴിയില്ലല്ലോ. അതുകൊണ്ട് സുപ്രധാനമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ് എൻഎച്ച്എഐ. 

ദ്രവ രൂപത്തിലുള്ള മെഡിക്കൽ ഓക്സിജനുമായി പോകുന്ന എല്ലാ ടാങ്കറുകളും കണ്ടെയ്‌നറുകളും നിലവിൽ ടോൾ അടയ്ക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, ഇനി അത് കൊടുക്കേണ്ടതില്ലെന്നാണ് എൻഎച്ച്എഐ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെ ടോൾ നൽകാതെ ഇത്തരം വാഹനങ്ങൾക്ക് സഞ്ചരിക്കാനാവും. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

തങ്ങളുടെ കരാറുകാരുടെ സഹായത്തോടെ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ടോൾ പിരിവിലെ ഈ തീരുമാനം. സംസ്ഥാനങ്ങൾക്ക് അകത്തും പുറത്തേക്കും ഓക്സിജനുമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് എൻഎച്ച്എഐയുടെ പ്രതീക്ഷ.

ഫാസ്റ്റ്ടാഗ് വഴി ഇപ്പോൾ തന്നെ സീറോ വെയ്റ്റിങ് സമയമാണ് എൻഎച്ച്എഐ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും മെഡിക്കൽ ഓക്സിജനുമായി പോകുന്ന വാഹനങ്ങൾക്കായി ടോൾ പ്ലാസകളിൽ പ്രത്യേകം വഴിയൊരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!